വ്യാജവിലാസം നല്കി തൃശൂരില്‍ 30,000 വോട്ടുകള്‍ ചേര്‍ത്തു -എം.എ. ബേബി
text_fieldsതൃശൂർ: വ്യാജ മേല്‍വിലാസങ്ങള്‍ നല്കി മുപ്പതിനായിരത്തിലധികം വോട്ടുകളാണ് തൃശൂരില്‍ കൃത്രിമമായി ചേര്‍ത്തതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ബി.ജെ.പി ഭരണത്തിന്റെ ഭാഗമായ പോലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ പെരുമാറുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമീപത്തെ മണ്ഡലങ്ങളിലുള്ളവരാണ് വ്യാജ മേൽവിലാസങ്ങളിൽ തൃശൂർ നഗരത്തിൽ വോട്ട് ചേർത്തത്. ഇവർ രണ്ട് മണ്ഡലങ്ങളിലും വോട്ട് ചെയ്തു. ഇതില്‍ തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണം നല്‍കണമെന്നും എം.എ. ബേബി പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ സ്ഫോടനാത്മകമാണ്. മറുപടി പറയണമെന്ന് പ്രതിപക്ഷ പാർടികൾ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. എന്നാൽ, സത്യവാങ്മൂലം തരണമെന്നാണ് കമീഷന്റെ മറുപടി. തെരഞ്ഞെടുപ്പ് കമീഷനെ തെരഞ്ഞെടുക്കാൻ സുപ്രീംകോടതി നിർദേശം വച്ചിരുന്നു. അത് തള്ളി തങ്ങൾക്ക് വിധേയരായ മൂന്നുപേരെയാണ് മോദി സർക്കാർ നിയോഗിച്ചത്.
ബി.എൽ.ഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത് പരിധിയിൽ രണ്ട് ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ് നിർദേശം നൽകിയത്. നിലവിൽ ആറ് മാസമെങ്കിലും താമസിച്ചവരെയാണ് ചേർക്കാറുള്ളത്. ഇത് മാറ്റിയാണ് രണ്ട് ദിവസമാക്കുന്നത്. മറുഭാഗത്ത് ഭാഗത്ത് സ്പെഷൽ ഇന്റൻസീവ് റിവിഷൻ ( എസ്.ഐ.ആർ) വഴി കൂട്ടത്തോടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.
വോട്ടർ പട്ടികയുടെ അതിവേഗ പുനർരൂപീകരണമായ സ്പെഷൽ ഇന്റൻസീവ് റിവിഷൻ ഏറ്റെടുക്കുന്നതിന് മുമ്പ് തെരഞ്ഞടുപ്പ് കമീഷൻ രാഷ്ട്രീയപാർടികളോട് ചർച്ച നടത്തണമായിരുന്നു. ഈ പ്രത്യേക രീതി ബീഹാറിലാണ് ആദ്യമായി പ്രഖ്യപിച്ചത്. പത്രത്തിൽ നിന്നാണ് കാര്യങ്ങൾ അറിഞ്ഞത്. ഇത് രഹസ്യമായി ചെത്തിൽ ദുരുദ്ദേശമുണ്ട്.
വോട്ടർ പട്ടികയിൽ നിന്ന് അർഹരാരും പുറത്താവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്. വോട്ടർ പട്ടികയിൽ നിന്ന് കൂട്ടത്തോടെ ഒഴിവാക്കാനാണോ, അതോ അർഹരെ ചേർക്കാനാണോ നടപടിയെന്ന് സുപ്രീം കോടതി കമീഷനോട് ചോദിച്ചിരുന്നതായും ബേബി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.