‘ചാടല്ലേ, ചാടല്ലേ’ എന്ന് പലരും വിളിച്ചു കൂവി; കൊച്ചി മെട്രോ പാലത്തിൽനിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം
text_fieldsകൊച്ചി: കൊച്ചിയെ ഞെട്ടിച്ച് മെട്രോ റെയിൽപ്പാലത്തിന് മുകളിൽനിന്ന് ചാടിയ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാ(32)ണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ തൃപ്പൂണിത്തുറ വടക്കേക്കോട്ട-എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. പാളത്തിലൂടെ തലങ്ങും വിലങ്ങും നടക്കുകയും ചാടാൻ ശ്രമിക്കുകയും ചെയ്യുന്ന യുവാവിനോട് ‘ചാടല്ലേ, ചാടല്ലേ’ എന്ന് പലരും വിളിച്ചു കൂവിയെങ്കിലും ചെവിക്കൊണ്ടില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം കുതിച്ചെത്തി താഴെ വല വിരിച്ചെങ്കിലും വലയ്ക്ക് പുറത്തേക്ക് ഇയാൾ ചാടുകയായിരുന്നു.
കൈയും തലയുമിടിച്ച് താഴെ വീണ് അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും.
വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറക്ക് ടിക്കറ്റ് എടുത്താണ് നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത്. തുടർന്നു പ്ലാറ്റ്ഫോമിലെ മഞ്ഞവര മറികടന്നു പാളത്തിലേക്ക് ഓടി. ഇത് ശ്രദ്ധയിൽപെട്ട മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകൾ ഓട്ടം നിർത്തുകയും ചെയ്തു. തിരിച്ചുവരാൻ റെയിൽവേ സ്റ്റേഷനിലുള്ളവരും ചാടാതിരിക്കാൻ പാളത്തിന് താഴെയുള്ളവരും പരമാവധി ശ്രമിച്ചെങ്കിലും നിസാർ വഴങ്ങിയില്ല. അനുനയിപ്പിച്ചു താഴെയിറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ആത്മഹത്യാ കാരണം എന്താണെന്ന് വ്യക്തമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.