ഒരു വർഷത്തിനിടെ വെയ്റ്റിങ് ലിസ്റ്റിൽ യാത്ര മുടങ്ങിയവർ 3.27 കോടി; റെയിൽവേയുടെ നോട്ടം പ്രീമിയം കച്ചവടത്തിൽ
text_fieldsതിരുവനന്തപുരം: കൂടുതൽ ലാഭമുള്ള വന്ദേഭാരതടക്കം പ്രീമിയം ട്രെയിനുകളിൽ മാത്രമായി റെയിൽവേയുടെ ശ്രദ്ധ ചുരുങ്ങിയതോടെ സാധാരണ റിസർവേഷൻ ടിക്കറ്റുകൾ കൺഫേമാകാതെ യാത്ര ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 2024-25 സാമ്പത്തിക വർഷം ടിക്കറ്റ് ബുക്ക് ചെയ്തിട്ടും വെയ്റ്റിങ് ലിസ്റ്റിലായതിനെ തുടർന്ന് 3.27 കോടി പേർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് കണക്ക്.
യാത്രക്കാരുടെ എണ്ണം ഉയർന്നിട്ടും ആനുപാതികമായി ട്രെയിനുകളും കോച്ചുകളും വർധിപ്പിക്കാത്തത് മൂലമുള്ള ഗുരുതര പ്രതിസന്ധിയിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി വെയ്റ്റിങ് ലിസ്റ്റിൽ കുരുങ്ങി യാത്ര ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2023-24 വർഷം ടിക്കറ്റ് കൺഫേമാകാത്തതിനെ തുടർന്ന് 2.96 കോടി പേർക്കാണ് യാത്ര ചെയ്യാൻ കഴിയാഞ്ഞത്. സാധാരണക്കാരായ യാത്രക്കാർ ടിക്കറ്റ് കിട്ടാതെ വഴിയിലാകുമ്പോഴും റെയിൽവേയുടെ കണ്ണ് പ്രീമിയം കച്ചവടത്തിലാണ്. പ്രതിസന്ധി രൂക്ഷമാണെങ്കിലും ബജറ്റിൽ പുതിയ എക്സ്പ്രസ് ട്രെയിനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പകരം പുതുതായി നിർമിക്കുന്ന 3000ത്തോളം ജനറൽ കോച്ചുകൾ ഡിവിഷനുകൾക്ക് വീതംവെക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
ഇതാകട്ടെ നിലവിലെ കാലഹരണപ്പെട്ട ജനറൽ കോച്ചുകൾക്ക് പകരമാണ്. സ്ലീപ്പർ കോച്ചുകളുടെ കാര്യത്തിൽ അപ്പോഴും പരാമർശങ്ങളൊന്നുമില്ല. അതേസമയം, സ്ലീപ്പർ കോച്ചുകളുള്ള വന്ദേഭാരതിനെക്കുറിച്ച് ചർച്ച സജീവമാണ് എന്നതാണ് റെയിൽവേയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്. രാജ്യത്താകെ 11000ത്തോളം പ്രതിദിന സർവീസുകളാണുള്ളത്. പ്രതിവർഷം 700 കോടി യാത്രക്കാർ റെയിൽവേയെ ആശ്രയിക്കുന്നു. 2030 ഓടെ യാത്രക്കാരുടെ എണ്ണം 1000 കോടിയായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
ചുരുങ്ങിയത് 3000 പുതിയ സർവീസുകളെങ്കിലും ആരംഭിക്കാതെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാവില്ല. വെയ്റ്റിങ് ലിസ്റ്റ് പൂർണമായി ഇല്ലാതാക്കാൻ ട്രിപ്പുകളുടെ എണ്ണത്തിൽ 30 ശതമാനം വർധന വേണമെന്ന് റെയിൽവേ സമ്മതിക്കുന്നുമുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സമയപരിധി നാല് മാസത്തിൽനിന്ന് രണ്ട് മാസമായി അടുത്തിടെ കുറച്ചിരുന്നു. ഐ.ആർ.ടി.സിയിലെ 2.5 കോടി വ്യാജ ഐ.ഡികൾ വിലക്കുകയും ചെയ്തു.
ഇതൊന്നും പക്ഷേ വെയ്റ്റിങ് ലിസ്റ്റ് കുരുക്കിന് പരിഹാരമായിട്ടില്ല. കേരളത്തിലെ കാര്യം മാത്രമെടുത്താൽ ഓണം സീസണായ സെപ്റ്റംബർ ആദ്യത്തിലെ ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം ജൂലൈ പത്തിനുള്ളിൽ തന്നെ തീർന്നു. ഉയർന്ന നിരക്കുള്ള 25 ഓളം സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചെങ്കിലും യാത്രക്കാർ വെയ്റ്റിങ് ലിസ്റ്റിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.