സംസ്ഥാനത്ത് 40 വ്യവസായ എസ്റ്റേറ്റുകൾ കൂടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം. വ്യവസായ സംരംഭങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള, വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങൾക്കാണ് വ്യവസായ എസ്റ്റേറ്റ് പദവി നൽകിയത്. ഈ എസ്റ്റേറ്റുകളിൽ സംരംഭങ്ങൾ ആരംഭിക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി ഏകജാലക ക്ലിയറൻസ് ബോർഡുകളും രൂപവത്കരിച്ചു.
എറണാകുളം ജില്ലയിലെ എടയാർ, തൃശൂർ ജില്ലയിലെ പുഴയ്ക്കൽ പാടം, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, ആലപ്പുഴയിലെ അരൂർ, തിരുവനന്തപുരത്തെ വേളി തുടങ്ങി 40 പ്രദേശങ്ങളാണ് വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിക്കപ്പെട്ടത്. നേരത്തെ തന്നെ നിലവിലുള്ളതാണെതിലും പ്രഖ്യാപനത്തോടെ ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കും. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വിവിധതരം ലൈസൻസുകൾ, ക്ലിയറൻസുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അതിവേഗം ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇതിനായി എസ്റ്റേറ്റ് തലത്തിൽ ക്ലിയറൻസ് ബോർഡുകൾക്കും രൂപം നൽകി. ജില്ല കലക്ടർ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ, മലിനീകരണ നിയന്ത്രണ ബോർഡ്, നഗര ഗ്രാമാസൂത്രണ വകുപ്പ്, ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, തൊഴിൽ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ല തല ഓഫിസർമാർ എന്നിവരടങ്ങുന്നതാണ് ക്ലിയറൻസ് ബോർഡ്. ഇടുക്കി ജില്ലയിലെ 5 ഏക്കറുള്ള മുട്ടമാണ് ഏറ്റവും ചെറിയ വ്യവസായ എസ്റ്റേറ്റ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഏറ്റവും വലുതും. 532.8 ഏക്കർ വിസ്തൃതിയുണ്ട് കഞ്ചിക്കോടിന്. എറണാകുളം ജില്ലയിലെ എടയാറാണ് വലിപ്പത്തിൽ രണ്ടാംസ്ഥാനത്ത് -435.29 ഏക്കർ. തിരുവനന്തപുരം -രണ്ട്, കൊല്ലം -രണ്ട്, പത്തനംതിട്ട -ഒന്ന്, ആലപ്പുഴ -6, കോട്ടയം -3, ഇടുക്കി -1, എറണാകുളം -6, തൃശൂർ -6, പാലക്കാട് -5, മലപ്പുറം -1, കോഴിക്കോട് -2, കണ്ണൂർ -1, കാസർകോട് -4 എന്നിങ്ങനെയാണ് എസ്റ്റേറ്റുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. 2500ഓളം സംരംഭങ്ങൾ വിവിധ എസ്റ്റേറ്റുകളിലായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.