ഹൗസ് ബോട്ട് യാത്രക്കിടെ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം; അപകടം അകലാപ്പുഴയിൽ
text_fieldsപയ്യോളി (കോഴിക്കോട്): പുറക്കാട് അകലാപ്പുഴയിൽ ബോട്ട് യാത്രക്കിടെ പുഴയിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ഓമശ്ശേരി പുത്തൂർ കുന്നുമ്മൽ മുഹമ്മദ് ഹാരിസ്-മറിയം സുനൈന ദമ്പതികളുടെ മകൻ മുഹമ്മദ് ഹൈസാം ആണ് മരിച്ചത്. തിക്കോടി ഗ്രാമപഞ്ചായത്തിലെ പുറക്കാട് അകലാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തിലെ ഹൗസ് ബോട്ട് സവാരിക്കിടെ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം.
ഓമശ്ശേരിയിൽനിന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതംഗ സംഘമാണ് പുറക്കാട്-മുചുകുന്ന് റോഡിലെ നടക്കൽ ഭാഗത്തുള്ള ബോട്ടിങ് സവാരി കേന്ദ്രത്തിൽ എത്തിയത്. ഇവിടെയുള്ള ഇരുനില ബോട്ടിൽ യാത്രക്കിടെ അകലാപ്പുഴ കടവിന് സമീപമെത്തിയപ്പോഴാണ് കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് വീണതായി കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ബോട്ട് ഡ്രൈവറെ അറിയിച്ചത്. ഉടൻ കുട്ടിയെ കരയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആലിൻതറ റബ്ബാനിയ കിൻസ് ഇഗ്ലീഷ് മീഡിയം സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്. സഹോദരൻ: യമീൻ അബ്ദുല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

