നേപ്പാളിൽ 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നോർക്ക
text_fieldsതിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി നോർക്ക. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അകപ്പെട്ടിരിക്കുകയാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ടെന്നും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ രാജേഷ് മാധവൻ അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എംബസികളിൽനിന്നുള്ള വിവരം അനുസരിച്ച് ഇവർ എല്ലാവരും സുരക്ഷിതരാണ്. ദുരന്തമേഖലയിൽ നെറ്റ്വർക്ക് സംവിധാനങ്ങൾ പൂർണമായി തകരാറിലായതിനാൽ കുടുങ്ങിക്കിടക്കുന്നവരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളാണ് നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയത്. കുടുങ്ങിക്കിടക്കുന്ന 53 മലയാളികളുടെയും കൃത്യമായ ലൊക്കേഷൻ കണ്ടെത്താനുള്ള തീവ്രശ്രമം നോർക്കയുടെയും എംബസിയുടെയും നേതൃത്വത്തിൽ നടന്നു വരികയാണ്.
ഇതുവരെ ലഭിച്ച വിവരമനുസരിച്ച് 53 പേരും സുരക്ഷിതരാണെന്നാണ് സൂചന. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 300ഓളം ഇന്ത്യക്കാരാണ് നേപ്പാളിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. കൈലാസ മാനസസരോവർ യാത്രക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നേപ്പാളിലെ സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ നിരീഷിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫിസ് അറിയിച്ചിരുന്നു.
വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. ഫോൺ: 944 7111844, 9747132147. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം. ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്രചെയ്ത തീയതി, ബാധിക്കപ്പെട്ട പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്രാ പദ്ധതി തയാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതമാണ് അറിയിക്കേണ്ടത്.
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്ക് അടിയന്തര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍.ആര്.കെ ഡവലപ്മെന്റ് ഓഫിസറേയും ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

