പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 63 പേർക്ക് പരിക്ക്
text_fieldsപത്തനംതിട്ട: പത്തനംതിട്ട-അടൂർ റോഡിൽ കൈപ്പട്ടൂർ തെരുവ് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് കുട്ടികളടക്കം 63 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 3.15ഓടെയാണ് അപകടം. പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസും തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തിന് പോയ സൂപ്പർ ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ 36 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും 22 പേരെ അടൂർ ജനറൽ ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റാന്നി ഡിപ്പോയിലെ മുണ്ടക്കയം ബസിന്റെ ഡ്രൈവർ ജിജി സക്കറിയയെ (42) കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ സീറ്റിനും സ്റ്റിയറിങ്ങിനും ഇടയിൽ കുടുങ്ങിയ ഡ്രൈവറുടെ തുടയെല്ല് തകർന്നു. പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേന എത്തി സ്റ്റിയറിങ് മുറിച്ചുനീക്കിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
അമിതവേഗത്തിലെത്തിയ തിരുവനന്തപുരം ബസ് മുണ്ടക്കയം ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യാത്രയുടെ തുടക്കംമുതലേ അശ്രദ്ധമായാണ് വാഹനം ഓടിച്ചതെന്നും യാത്രക്കാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടുപോയ തിരുവനന്തപുരം ബസ് പഞ്ചായത്ത് കിണറും സമീപത്തെ വീടിന്റെ മതിലും തകർത്തു. രണ്ട് ബസിന്റെയും മുൻവശം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പത്തനംതിട്ട പൊലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ മന്ത്രി വീണ ജോർജ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി.
ചികിത്സയിൽ കഴിയുന്നവർ: അപകടത്തിൽ പരിക്കേറ്റ് പത്തനംതിട്ട ആശുപത്രിയിൽ കഴിയുന്നവർ: രവി സജി (38), സജി പാപ്പച്ചൻ (47), ഷെറിൻ പി. ഷാജി, ലില്ലിക്കുട്ടി (50), അരവിന്ദ് (22), ആനന്ദ് (22), അലൻ ജസ്റ്റിൻ (27), മരിയ മൈക്കിൾ രാജു (59), രാജാമണി രാജൻ (80), സനീഷ് (31), പ്രവീൺ (36), ചന്ദ്രൻ (62), നീതു േറായി (28), അനില റോയി (56), അമൃത (18), ആതിര ഓമനക്കുട്ടൻ (29), രമണി (65), പൊന്നമ്മ ടി. ആർ (56), പ്രകാശ് (35), മേഘ്ന (24), ശ്രേയസ് (18), സജി (43), കെ. ശ്രീകുമാർ (55), ഗണേഷ് (47), നിഷാന്ത് മോൻ (36), റെനി മോൾ (29), ശശികുമാർ (70), ജ്യോതികുമാരി (62), വിശ്വംഭരൻ (63), അലിയാർ കുട്ടി (53), ഡെന്നീസ് കുട്ടൻ (39), ബിന്ദു (50), ഉഷ (51), സരോജനി (74), മുഷാൽ ഖാഖ് (22), കാർത്തിക് (21).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.