ബിഹാർ കരട് വോട്ടർപട്ടികയായി; 65 ലക്ഷംപേർ പുറത്ത്
text_fieldsന്യൂഡൽഹി: പരിഷ്കരിച്ച വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ച് ബിഹാർ സർക്കാർ. കരട് വോട്ടർ പട്ടികയിൽ നിന്ന് 65,64,075 ആളുകളാണ് പുറത്തായത്. 7.89 കോടി വോട്ടർമാരിൽ 7.24 കോടി പേരുടെ എന്യുമറേഷൻ ഫോമുകളാണ് കമീഷന് ലഭിച്ചത്. പട്ന ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ പട്ടികയിൽ നിന്ന് പുറത്തായത്. കരടനുസരിച്ച് 3,95,500 വോട്ടർമാർ പട്നയുടെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. രണ്ടാംസ്ഥാനത്തുള്ള മധുബനിയിൽ 3,52,545 ആളുകളും മൂന്നാംസ്ഥാനത്തുള്ള ഗോപാൽ ഗഞ്ചിൽ 3,10,363 ആളുകളും പട്ടികക്ക് പുറത്തായി.
ഏറ്റവും കുറഞ്ഞ ആളുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ജില്ല ശൈഖ്പുരയാണ്. ഇതിനുപുറമെ, വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയനുസരിച്ച് 22,34,501 ആളുകളെയാണ് മരിച്ചതായി കണക്കാക്കി വിവിധ ജില്ലകളിലായി നീക്കം ചെയ്തിട്ടുള്ളത്. താമസം മാറിയവരും വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരിശോധനകളിൽ പങ്കെടുക്കാത്തവരുമായ 36,28,210 പേരും വോട്ടിരട്ടിപ്പ് കണ്ടെത്തിയ 7,013,64 ആളുകളും പട്ടികക്ക് പുറത്തായിട്ടുണ്ട്.
സെപ്റ്റംബർ ഒന്നു വരെയാണ് തിരുത്തലിന് അനുവദിച്ച സമയം. മരിച്ചതായി കമീഷൻ പറയുന്ന പലരും ജീവിച്ചിരിപ്പുണ്ടെന്ന ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പരിശോധനക്ക് ശേഷമേ കാര്യങ്ങൾ അറിയൂ എന്നും ബിഹാറിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് പറഞ്ഞു.
പാർലമെന്റ് സ്തംഭനം തുടരുന്നു
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് സ്തംഭനം തുടരുന്നു. വെള്ളിയാഴ്ച സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടർന്ന് ചോദ്യോത്തരവേള നടത്താനാവാതെ സ്പീക്കർ ഉച്ചവരെ ലോക്സഭ നിർത്തിവെച്ചു.
സഭ വീണ്ടും ചേർന്നപ്പോൾ ബിഹാർ വോട്ടർ പട്ടികയിൽ ചർച്ചയില്ലെങ്കിൽ സഭ നടത്താൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷം ആവർത്തിച്ചു. ഇതോടെ സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.