വട്ടവടയിൽ 96 കഞ്ചാവ് ചെടികൾ കണ്ടെത്തി; മൂന്ന് മാസത്തിനകം വിളവെടുപ്പിന് പാകമായവ
text_fieldsഅടിമാലി: ഇടുക്കി വട്ടവട ചിലന്തിയാറിൽ വനമേഖലയിൽ നട്ടുവളർത്തിയ 96 കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് സംഘം ചിലന്തിയാറിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലെ ഏറ്റവും വലിയ കഞ്ചാവ് കൃഷിയിടം എന്നറിയപ്പെട്ടിരുന്ന ചിലന്തിയാറിൽ വീണ്ടും കഞ്ചാവ് ചെടികൾ കണ്ടെത്തിയത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സെൻട്രൽ എക്സൈസും സംസ്ഥാന സർക്കാരും വനം വകുപ്പും വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇവിടെ കഞ്ചാവ് തോട്ടങ്ങൾ ഉൻമൂലനം ചെയ്തത്.
പിന്നീട് വനം വകുപ്പ് ഓഫിസുകൾ തുറക്കുകയും കഞ്ചാവ് കൃഷി പൂർണ്ണമായി തടയുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും കഞ്ചാവ് ചെടികൾ കണ്ടെത്തിയത് ചിലന്തിയാർ, കടവരി, കൊട്ടാകമ്പൂർ മേഖലയിൽ മേഖലയിൽ ഇപ്പോഴും കഞ്ചാവ് തോട്ടങ്ങൾ ഉണ്ടെന്നതിന്റെ സൂചനയാണ്. എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായിട്ടുള്ള ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റി’നോട് അനുബന്ധിച്ച് ചിലന്തിയാർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചിലന്തിയാർ ഗുഹയുടെ സമീപത്ത് പുഴയോരത്ത് തടങ്ങളിലായി നടാൻ പാകപ്പെടുത്തിയ നിലയിലായിരുന്നു 96 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. മൂന്ന് മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമായ നിലയിലുള്ള മുന്തിയ ഇനം കഞ്ചാവു ചെടികളാണ് ഇവ. പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു.
മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.ആർ. അനിൽകുമാർ, എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എ.ബി. പ്രകാശ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ കെ.വി. പ്രദീപ്, എം.ഡി. സജീവ് കുമാർ, മൂന്നാർ എക്സൈസ് സർക്കിൾ ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.ജെ. ബിനോയി, മീരാൻ കെ.എസ്, സി.ഇ.ഒമാരായ ഹാരിഷ്, മൈതീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.