കഴക്കൂട്ടം എ.സി.പി പൃഥ്വിരാജിനെതിരെ കേസെടുത്തു
text_fieldsതിരുവനന്തപുരം: അധികാര ദുർവിനിയോഗം നടത്തി കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ കഴക്കൂട്ടം എ.സി.പി പൃഥ്വിരാജിനെതിരെ കോടതി കേസെടുത്തു. തമ്പാനൂരിലെ മുൻ ക്രൈം എസ്.ഐ വത്സലനെതിരെയും കേസുണ്ട്. 75കാരിയെയും മകനെയും വ്യാജ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെന്നാണ് പരാതി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി.എസ്. സുമിയുടേതാണ് ഉത്തരവ്.
പൃഥ്വിരാജ് തമ്പാനൂർ സി.ഐയായിരുന്ന കാലത്ത് 2016ലാണ് കേസിനാസ്പദമായ സംഭവം. സർക്കിൾ ഇൻസ്പെക്ടർ എന്ന അധികാരം ദുർവിനിയോഗം ചെയ്ത് കള്ളക്കേസെടുത്തെന്ന പരാതിയിൽ കാലടി സ്വദേശി വിനോദ് നൽകിയ സ്വകാര്യ ഹരജിയിലാണ് ഉത്തരവ്. ഫെബ്രുവരി 29ന് പൃഥ്വിരാജ് നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചു.
പരാതിക്കാരനും പൃഥ്വിരാജും തമ്മിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിനുശേഷം വിനോദിന്റെ ബന്ധുവായ സ്ത്രീ മരിച്ചു. സ്ത്രീയെ അടിച്ചുകൊന്നെന്ന വ്യാജകൊലക്കുറ്റം ചുമത്തി വിനോദിനെയും 75 വയസ്സുള്ള അമ്മയെയും പ്രതിചേർത്തു. അന്യായമായി തടവിൽവെക്കൽ, ക്രിമിനൽ ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ്. കൊലപാതകക്കേസിൽ പ്രതികളാക്കി അന്യായമായി കസ്റ്റഡിയിൽവെച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.