ശത്രുക്കൾ, മിത്രങ്ങൾ!.. മണിക്കൂറുകളോളം ഒരുമിച്ചു കഴിഞ്ഞിട്ടും പരസ്പരം ആക്രമിക്കാതെ കുഴിയിൽ കുടുങ്ങിയ കടുവയും നായും
text_fieldsകുമളി ചെല്ലാർ കോവിൽ മെട്ടിലെ കൃഷിയിടത്തിലെ കുഴിയിൽ അകപ്പെട്ട കടുവയും നായും
കുമളി: കൈയെത്തും അകലത്തിൽ ഇര ഉണ്ടായിട്ടും കൊല്ലാതെ കടുവയും തൊട്ടടുത്ത് ശത്രുവിനെ കണ്ടിട്ടും അനക്കമില്ലാതെ നായും. ഒടുവിൽ ഇരയുടെ കുര കടുവക്കും രക്ഷയായി. കടുവയും നായും മണിക്കൂറുകളോളം കുഴിയിൽ കിടന്നത് നാട്ടുകാർക്കും കൗതുകക്കാഴ്ചയായി. കുമളി, അണക്കര, ചെല്ലാർ കോവിൽ മെട്ടിലാണ് സംഭവം. വയലിൽ കരോട്ട്, സണ്ണിയുടെ ഏലത്തോട്ടത്തിലെ 15 അടിയിലധികം ആഴമുള്ള കുഴിയിലാണ് നായും കടുവയും കുടുങ്ങിയത്.
രാവിലെ 7.30ഓടെ കുര കേട്ട് സണ്ണിയാണ് കുഴിയിൽ വീണ കടുവയെയും നായെയും ആദ്യം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. കുഴിക്കുള്ളിൽ നിന്ന് പുറത്തുകടക്കാൻ കടുവ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഇടുക്കിയിൽ നിന്ന് വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ എം.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകരും ദ്രുതകർമ സേനയും സ്ഥലത്തെത്തി.
പെരിയാർ കടുവ സങ്കേതത്തിലെ ഡോ. അനുരാജ് മയക്കുവെടിവെച്ച് ഉച്ചക്ക് 1.45ഓടെ കടുവയെയും പിന്നീട് നായെയും പുറത്തെത്തിക്കുകയായിരുന്നു. കടുവയെ പ്രത്യേക കൂട്ടിലാക്കി പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ ഗവി ഭാഗത്തെ ഉൾവനത്തിൽ തുറന്നുവിട്ടു. പ്രതിരോധ കുത്തിവെപ്പുകൾ നൽകിയ ശേഷമാണ് തുറന്നുവിട്ടതെന്ന് വനപാലകർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.