കടം വാങ്ങാതെ മുന്നോട്ടുപോകാൻ കഴിയാത്ത സർക്കാറാണ് നൂറു കോടി ചെലവഴിച്ച് വാർഷികം ആഘോഷിക്കുന്നത് - രാജീവ് ചന്ദ്രശേഖർ
text_fieldsതൃശൂർ: കടം വാങ്ങാതെ മുന്നോട്ടുപോകാൻ കഴിയാത്ത സർക്കാറാണ് നൂറു കോടി ചെലവഴിച്ച് ഒൻപതാം വാർഷികം ആഘോഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ സിറ്റി ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകെ സംസ്ഥാന സർക്കാരിന് എടുത്തു പറയാനുള്ളത് ദേശീയപാതയുടെ നിർമാണം മാത്രമാണ്.
അതാണെങ്കിൽ കേന്ദ്രസർക്കാർ നടത്തുന്നതുമാണ്. ഇതു പറഞ്ഞത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അല്ല, പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പ്രസംഗിച്ചതാണ്. സംസ്ഥാന സർക്കാർ ഇപ്പോൾ വാർഷികം ആഘോഷിക്കുകയാണ്. ആശാവർക്കർമാർക്ക് 100 രൂപ കൂട്ടി ചോദിച്ചപ്പോൾ തരില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് 100 കോടിയുടെ ആഘോഷങ്ങൾ നടത്തുന്നത്.
തീരദേശ ജനതയുടെ നീണ്ട പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ഇല്ല.കടൽ ഭിത്തി കേട്ടാനുള്ള തുക പോലും ചിലവിടാൻ സർക്കാർ തയ്യാറല്ല. കടം വാങ്ങാതെ മുന്നോട്ടുപോകാൻ കഴിയാത്ത സർക്കാരാണ് വാർഷികാഘോഷം നടത്തുന്നത്. മുനമ്പത്ത് 610 കുടുംബങ്ങളെ കാണാത്ത സർക്കാരാണ് വലിയ ആഘോഷം നടത്തുന്നത്.
നാല് കോടി മലയാളികൾക്കായി വികസനം കൊണ്ടുവരാൻ ബിജെപി സർക്കാരിന് മാത്രമേ കഴിയൂ. ഇനി കാര്യം നടക്കണം. അതിനായി പരിശ്രമിക്കണം. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. ബി.ജെ.പി പ്രവർത്തകർ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം. വികസിത കേരളം എന്നത് ജനങ്ങളോടുള്ള നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ, അഡ്വ ബി. ഗോപാലകൃഷ്ണൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മുൻ തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, സിറ്റി ജില്ലാ ഭാരവാഹികൾ എന്നിവർ കൺവൻഷനിൽ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.