ഗുരുവായൂർ സ്റ്റേഷനിൽ നായുമായെത്തി മധ്യവയസ്കന്റെ അക്രമം
text_fieldsവിൻസെൻറ് മൺവെട്ടി ഉപയോഗിച്ച് പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകർക്കാൻ ശ്രമിക്കുന്നു
ഗുരുവായൂർ: ഗുരുവായൂർ പൊലീസ് സ്റ്റേഷനില്‍ മൊഴിയെടുക്കാൻ വിളിപ്പിച്ച മധ്യവയസ്കന്റെ അക്രമം. കൂനംമൂച്ചി സ്വദേശി തരകൻ വിന്‍സെൻറാണ് (50) സ്റ്റേഷനിൽ അക്രമം കാണിച്ചത്. അമേരിക്കൻ ബുൾ ഇനത്തിൽപെട്ട നായുമായി കാറിലെത്തിയ ഇയാൾ സ്റ്റേഷന്റെ ഗേറ്റിൽ വാഹനമിടിപ്പിച്ചു. പിന്നീട് ഗേറ്റ് മൺവെട്ടി ഉപയോഗിച്ച് മറിച്ചിട്ടു. തടയാൻ ശ്രമിച്ച പൊലീസുകാരെ മണ്‍വെട്ടി വീശി ഭീഷണിപ്പെടുത്തി. എസ്.ഐ കെ.ജി. ഗോപിയെ ചവിട്ടുകയും ചെയ്തു. പൊലീസുകാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
തന്റെ സഹോദരിയെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സന്തോഷ് എന്നയാൾ വിൻസെൻറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് വിൻസെൻറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് വിൻസെൻറ് സ്റ്റേഷനിലെത്തി അക്രമം കാണിച്ചത്. നേരത്തെ പ്രവാസിയായിരുന്ന ഇയാളിപ്പോൾ നാട്ടിൽ കൊറിയര്‍ സര്‍വിസ് നടത്തുകയാണ്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അക്രമം കാട്ടിയതിനും വിന്സെൻറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.