അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു
text_fieldsകോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സലയിലായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ് (45) എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മരണം സ്ഥിരീകരിക്കുന്നത്. നിലവിൽ 11 പേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതമായി തുടരുന്നെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇതിനിടയിൽ മലപ്പുറം സ്വദേശിയായ പത്ത് വയസ്സുകാരനും വ്യാഴാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കൂട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഒരുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. താമരശ്ശേരി കോരങ്ങാട് സ്വദേശിനിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് രതീഷിന് മുമ്പ് മരിച്ച മൂന്നുപേർ.
ഗുരുതരാവസ്ഥയിൽ തുടരുന്ന രോഗികൾക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രതീഷ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ശ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇയാളെ വിദഗ്‌ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ച് വരികയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.