'പുത്തുമലയിൽ സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് എവിടെ?, കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം..!, 763 കോടി എന്ത് ചെയ്തു'; പി.കെ. ഫിറോസ്
text_fieldsകോഴിക്കോട്: പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ് കാണിച്ചു തരുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പുത്തുമല ദുരന്തത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയെ പോലെ തന്നെയാകുമോ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച പദ്ധതിയെന്നും ഇരകൾ ഭയപ്പെടുകയാണ്.
പുത്തുമലയിലെ 103 കുടുംബങ്ങൾക്ക് 11.4 ഏക്കറിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ടൗൺഷിപ് കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ നിർമിക്കുമെന്നായിരുന്നു സർക്കാറിന്‍റെ പ്രഖ്യാപനം. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് 763 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളികളും അല്ലാത്തവരുമായ മനുഷ്യസ്നേഹികൾ സംഭാവന നൽകിയതെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.
ദുരന്തത്തിൽ കൃഷിഭൂമിയും വിളകളും കടകളും ടാക്സി വാഹനങ്ങളും റിസോർട്ടുകൾ ഉൾപ്പടെ കോടികൾ നഷ്ടമുണ്ടായവർക്ക് ഒരു വർഷമായിട്ടും ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി.
ദുരന്തബാധിതരോട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ജൂലായ് 29 ന് പുത്തുമലയിലെ പൊതുശ്മശാന ഭൂമിയിൽ നിന്നും ആരംഭിച്ച് വയനാട് കലക്ട്രേറ്റിലേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.
മുസ്‌ലിംലീഗ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. എല്ലാ രേഖകളുമുള്ള നിർമാണ യോഗ്യമായ ഭൂമിയാണ് ഏറ്റെടുത്തത്. മുസ്‌ലിം ലീഗ് വില കുറഞ്ഞ ഭൂമിയാണ് ഉയർന്ന വിലക്ക് വാങ്ങിയതെന്ന് വാർത്ത കൊടുത്ത മാധ്യമപ്രവർത്തകരെ പരിശോധിക്കാൻ വയനാട്ടിലേക്ക് ക്ഷണിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.