വര്‍ഗീയതയും വിദ്വേഷവും വെളുപ്പിച്ചെടുക്കാന്‍ പിണറായിത്തൈലം; വെളുത്തിട്ട് പാറിക്കുന്നുവെന്ന് അബ്ദുറബ്ബ്
text_fieldsമലപ്പുറം: എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അകമഴിഞ്ഞ് പ്രകീര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസ ശരമെയ്ത് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ.അബ്ദുറബ്ബ്. വര്‍ഗീയതയും വിദ്വേഷവും വെളുപ്പിച്ചെടുക്കാന്‍ പിണറായിത്തൈലം മാത്രമാണെന്നും മറ്റൊന്നും ഇതുവരെ കണ്ട് പിടിച്ചിട്ടില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മുഖത്തെ കറുത്ത പാടുകള്‍, കണ്ണിനടിയിലെ കരുവാളിപ്പ് എന്നിവ ഇല്ലാതാക്കുന്ന, മുഖം വെളുപ്പിക്കാവുന്ന ഒരുപാട് മുഖലേപനങ്ങള്‍ ഇന്നാട്ടിലുണ്ട്. ഏത് ശരീരവും വെളുത്തിട്ടു പാറാന്‍ പറ്റുന്ന ഒരു പാട് തൈലങ്ങളും, ലേപനങ്ങളും ഇന്ന് മാര്‍ക്കറ്റിലുണ്ട്. പക്ഷെ, ദിവസവും വര്‍ഗീയതയും, പരമതവിദ്വേഷവും പ്രസംഗിക്കുന്ന ഒരാളെ ഇങ്ങനെ ഏറ്റവും നന്നായി വെളുപ്പിച്ചെടുക്കാന്‍..പറ്റുന്ന മറ്റൊരു തൈലവും ഇതുവരെ കണ്ട് പിടിച്ചിട്ടില്ല.. അത് പിണറായിത്തൈലം മാത്രം...!’ പി.കെ.അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ വെള്ളാപ്പള്ളി പകര്‍ത്തി. യുവത്വത്തിനു വഴികാട്ടാനും സംഘടനയെ സാമ്പത്തികമായി ശാക്തീകരിക്കാനും അദ്ദേഹത്തിന് സാധിച്ചുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഇതിന് പിന്നാലെയാണ് പി.കെ.അബ്ദുറബ്ബിന്റെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.