Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പത്തുമിനിറ്റിനുള്ളിൽ വീട്ടിൽ എത്താമെന്ന് പറഞ്ഞു, മോൻ നന്നായി കിതക്കുന്നുണ്ടായിരുന്നു’; കൊല്ലപ്പെട്ട അഭിരാമിന്റെ പിതാവ് മധു

text_fields
bookmark_border
‘പത്തുമിനിറ്റിനുള്ളിൽ വീട്ടിൽ എത്താമെന്ന് പറഞ്ഞു, മോൻ നന്നായി കിതക്കുന്നുണ്ടായിരുന്നു’; കൊല്ലപ്പെട്ട അഭിരാമിന്റെ പിതാവ് മധു
cancel

തിരുവനന്തപുരം: ‘പത്തുമിനിറ്റിനുള്ളിൽ വീട്ടിലെത്താമെന്നാണ് അവൻ പറഞ്ഞത്. പക്ഷേ, സംസാരിക്കുമ്പോൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. പിന്നീട് എത്ര വിളിച്ചിട്ടും ഫോൺ എടുത്തില്ല...’ പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട 17കാരൻ അഭിരാമിന്റെ അവസാന ഫോൺവിളിയെക്കുറിച്ച് പിതാവ് മധുവിന്റെ വാക്കുകളാണിത്. വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തുമെന്ന് പറഞ്ഞിറങ്ങിയ മകനെ കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് പിറ്റേദിവസം അവന്റെ മരണവാർത്തയായിരുന്നു. അക്രമികളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാകാം മകൻ അവസാനമായി ഫോണെടുത്തതെന്നാണ് പിതാവിന്റെ സംശയം.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിവരെ അഭിരാം വീട്ടിലുണ്ടായിരുന്നുവെന്ന് മധു പറയുന്നു. വൈകുന്നേരം വിവാഹ സൽക്കാരത്തിന് പോകേണ്ടതിനാൽ നാലുമണിക്ക് മുമ്പ് തിരിച്ചെത്തണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, സമയമായിട്ടും കാണാതായതോടെ ഫോണിൽ വിളിച്ചു. ആദ്യം ഫോൺ എടുത്തില്ല. വീണ്ടും വിളിച്ചപ്പോഴാണ് പത്തുമിനിറ്റിനുള്ളിൽ എത്താമെന്ന് പറഞ്ഞത്. സംസാരിക്കുമ്പോൾ മകൻ അസാധാരണമായി കിതച്ചിരുന്നുവെന്നും പിന്നീട് പലതവണ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നും പിതാവ് പറഞ്ഞു. മഴയായതിനാൽ എവിടെയെങ്കിലും കയറി നിൽക്കുകയാകുമെന്നാണ് ആദ്യം കരുതിയത്. രാത്രി ഒമ്പതര കഴിഞ്ഞിട്ടും മടങ്ങിയെത്താതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മകനെ കാണാതായെന്ന പരാതിയിൽ പൊലീസിന്റെ ആദ്യഘട്ട അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും മധു ആരോപിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പതിനേഴുകാരനെ ആദ്യദിവസംതന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വിശദമായി ചോദ്യം ചെയ്യാതെ വിട്ടയച്ചു. പിറ്റേദിവസം പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മൊഴിയിലെ വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയത്. തുടർന്ന് പതിനേഴുകാരനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നതെന്നാണ് കുടുംബം പറയുന്നത്. ഇതിനിടെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് അവസരം ലഭിച്ചിരിക്കാമെന്നും പിതാവ് ആരോപിച്ചു.

അതേസമയം, പ്രതികൾ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നത് അഭിരാമിനെ ആയിരുന്നില്ലെന്നും മറ്റൊരു പതിനേഴുകാരനെയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. സുഹൃത്തിനെ തങ്ങൾ പറയുന്ന സ്ഥലത്തെത്തിക്കാനാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്നാണ് വിവരം. മണക്കാട് സ്വദേശിനിയായ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് സന്ദേശമയച്ചാണ് അഭിരാമിനെ പാങ്ങപ്പാറയിലെത്തിച്ചത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി സുഹൃത്തിനെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. എന്നാൽ, അഭിരാം ഇതിന് വഴങ്ങാതിരുന്നതോടെ വാക്കുതർക്കമുണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ പ്രതികൾ തടഞ്ഞുനിർത്തി മർദിക്കുകയും ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ചാക്കിലാക്കി സമീപത്തെ കാടുമൂടിയ പ്രദേശത്ത് ഒളിപ്പിച്ചു. പ്രതികളിലൊരാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.

കേസിൽ പതിനേഴുകാരൻ ഉൾപ്പെടെ മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മണക്കാട് സ്വദേശിനി അനന്ത, ശ്രീകാര്യം സ്വദേശി ഉമർ എന്നിവരാണ് മറ്റു രണ്ടുപേർ. കൊലപാതകത്തിലെ ഇവരുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. പ്രായപൂർത്തിയാകാത്തതിന്റെ നിയമപരമായ ആനുകൂല്യം ലഭിക്കാനായി പതിനേഴുകാരൻ കുറ്റം ഏറ്റെടുക്കുകയാണോയെന്ന സംശയവും അഭിരാമിന്റെ പിതാവ് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abhiram Murder Case: Father Reveals Last Phone Call
Next Story