സൗദിയിലെ ജയിലിൽ കഴിഞ്ഞിരുന്ന 35ഓളം പേർ നാടണഞ്ഞു
text_fieldsനെടുമ്പാശ്ശേരി: അനധികൃതമായി ജോലി ചെയ്തതിന്റെ പേരിൽ സൗദിയിലെ ജയിലിൽ കഴിഞ്ഞിരുന്ന 35ഓളം അന്തർസംസ്ഥാനക്കാർ നെടുമ്പാശ്ശേരിയിലെത്തി. പ്രവാസി മലയാളികളായ ബിജു കെ. നായർ, ഗഫൂർ പയ്യാനക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടപെടലിനെ തുടർന്നാണ് ഇവരുടെ മോചനം സാധ്യമായത്.
യു.പിയിൽനിന്നുള്ള 10 പേർ, രാജസ്ഥാൻ, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നുപേർ വീതവും തമിഴ്നാട് 13, ത്രിപുര, ജമ്മു, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നും ഓരോരുത്തർ വീതവുമാണെത്തിയത്.
സൗദി അധികൃതരും സന്നദ്ധ സംഘടനകളും നൽകിയ സഹായംകൊണ്ടാണ് ഇവർ നാട്ടിലെത്തിയത്.
പലരെയും വൻ തുക ഈടാക്കി തൊഴിൽവിസ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണ് സൗദിയിലെത്തിച്ചത്. വായ്പയും മറ്റുമെടുത്ത് സൗദിയിലെത്തി ദിവസങ്ങൾക്കുള്ളിൽ ജയിലിലായവരും ഇവരിലുൾപ്പെടുന്നു.
നെടുമ്പാശ്ശേരിയിൽനിന്ന് അവരവരുടെ നാടുകളിലേക്ക് മടങ്ങാൻ റെയിൽവേ ടിക്കറ്റിനുൾപ്പെടെ സഹായം നൽകിയത് ആലുവ സ്വദേശി ജോസ് അക്കരക്കാരൻ, കോഴിക്കോട് സ്വദേശി ജസീർ തെക്കേക്കര എന്നിവരുടെ നേതൃത്വത്തിലാണ്. ജയിൽ മോചിതരായ മറ്റൊരു സംഘം ജൂണിൽ എത്തിച്ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.