കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പിടികിട്ടാപ്പുള്ളി അബുല്ലൈസ് പിടിയില്‍
text_fieldsകോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി അബുല്ലൈസ് പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആർ.ഐ) ആണ് ഇയാളെ തൃശൂരിൽ പിടികൂടിയത്. തൃശൂരില്‍ ലുലു കണ്വെന്ഷന് സെന്ററില്‍ നടന്ന ബന്ധുവിന്റെ വിവാഹത്തിനായി രഹസ്യമായി എത്തിയപ്പോഴാണ് പിടികൂടിയത്. 2013 മുതലാണ് കൊടുവള്ളി സ്വദേശിയായ അബുല്ലൈസ് ഒളിവില്‍ പോയത്. ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ദുബൈയിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഘത്തിലെ ഒന്നാം പ്രതി കൊടുവള്ളി പടനിലം ആരാമ്പ്രം മടവൂർ എടായിപൊയിൽ ടി.എം. ഷഹബാസിനെ 2015 ആഗസ്റ്റിൽ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസം ജയിലിൽ കിടന്ന ഷഹബാസ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇൗ കേസിൽ മൂന്നാം പ്രതിയാണ് അബുല്ലൈസ്.
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിറകെ അബുല്ലൈസിനൊപ്പം കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ ഇരിക്കുന്ന ഫോേട്ടാ പുറത്തുവന്നത് വിവാദമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്ദമംഗലത്ത് സ്ഥാനാർഥിയായിരുന്ന ടി. സിദ്ദീഖ് പ്രവാസി സംഘടനകളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.എ.ഇയിൽ പോയപ്പോൾ യൂത്ത്ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസും കൂടെയുണ്ടായിരുന്നു. ഇൗ സമയത്ത് നിരവധി പേർ കൂടെ നിന്ന് ഫോേട്ടായെടുത്തിട്ടുണ്ടെന്നും അബുല്ലൈസിനെ തങ്ങൾക്ക് അറിയില്ലെന്നുമാണ് സിദ്ദീഖും ഫിറോസും അന്ന് വിശദീകരണം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.