തിരുവനന്തപുരം കല്ലമ്പലത്ത് വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു
text_fieldsകല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം തോട്ടയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ അഞ്ച് യുവാക്കൾ മരിച്ചു. കൊല്ലം കല്ലുവാതുക്കൽ, ചിറക്കര സ്വദേശികളാണ്.
ചിറക്കര രാജേഷ് ഭവനിൽ രാമചന്ദ്രെൻറ മകൻ രാജീവ് (33), അരുൺ നിവാസിൽ മധുസൂദനെൻറ മകൻ എ.എസ്. അരുൺ (30), ഇടവട്ടം സരോജിനി നിവാസിൽ സുരേന്ദ്രൻപിള്ളയുടെ മകൻ സുധീഷ് (24), ചിറക്കരത്താഴം എ.വി ഭവനിൽ അരവിന്ദാക്ഷെൻറ മകൻ വിഷ്ണു അരവിന്ദ് (29), ചിറക്കരത്താഴം ഉദയഭവനിൽ ഉദയകുമാറിെൻറ മകൻ സൂര്യ ഉദയകുമാർ (28) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ ആറ്റിങ്ങൽ ചാത്തമ്പറക്കും തോട്ടയ്ക്കാടിനുമിടയിലെ വളവിലായിരുന്നു അപകടം. ആലംകോടുനിന്ന് വന്ന മീൻ ലോറിയുടെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാർ അമിത വേഗത്തിലായിരുന്നു. ഇടിയിൽ കാറിെൻറ എഞ്ചിെൻറ ഭാഗത്ത് തീപിടിച്ചു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശി ക്രിസ്തുദാസിനെ (55) കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചിറക്കരത്താഴത്ത് ഫാൻസി സ്റ്റോർ നടത്തിവന്ന രാജീവ് സ്വകാര്യ ഇൻഷുറൻസ് ഏജൻറുമായിരുന്നു. മാതാവ്: ശോഭന. ഭാര്യ: സൂര്യ. മകൾ: ആരുഷി. സഹോദരൻ: രാജേഷ്.
സ്വകാര്യ ഇൻഷുറൻസ് കമ്പനി ഏജൻറാണ് അരുൺ. മാതാവ്: സുധർമിണി. ഉണ്ണിക്കുട്ടൻ എന്ന സുധീഷ് ഇലക്ട്രീഷ്യനാണ്. ഗൾഫിലായിരുന്ന ഇയാൾ ഒരുവർഷം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: പുഷ്പലത. സഹോദരൻ ആദർശ്.
വിഷ്ണു അരവിന്ദ് ഫോട്ടോഗ്രാഫറാണ്. മാതാവ്: വിമല. ഭാര്യ: രാഖി. എക്സ്കവേറ്റർ ഓപറേറ്ററായി ജോലി നോക്കുകയായിരുന്നു സൂര്യ ഉദയകുമാർ. മാതാവ്: സുധർമ. സഹോദരി: ആര്യാ ഉദയകുമാർ.
എല്ലാവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. സുധീഷിന് കോവിഡ് പോസിറ്റിവായതിനാൽ മാനദണ്ഡം പാലിച്ചായിരുന്നു സംസ്കാരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.