സ്വത്ത് തട്ടിയെടുക്കാൻ തന്നേക്കാൾ 28 വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം ചെയ്തു, പിന്നീട് ഷോക്കേൽപിച്ച് കൊലപ്പെടുത്തി; ശാഖാ കുമാരി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsനെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശാഖാകുമാരി വധക്കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടരും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അതിയന്നൂർ അരുൺ നിവാസിൽ അരുൺ എന്ന 32കാരനെയാണ് നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ കോടതി ശിക്ഷിച്ചത്. അരുൺ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ഇലക്ട്രീഷ്യനാണ് അരുൺ.
കുന്നത്തുകാൽ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തൻ വീട്ടിലെ ശാഖാ കുമാരി(52) ആണ് കൊല്ലപ്പെട്ടത്. 2020 ഡിസംബർ 26നാണ് കൊലപാതകം നടന്നത്.
അവിവാഹിതയായിരുന്നു ശാഖാകുമാരി. നെയ്യാറ്റിൻകരയിൽ ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു ഇവർ. ഇവരുമായി ബന്ധം സ്ഥാപിച്ച ഇലക്ട്രീഷ്യനായ അരുൺ 2020 ഒക്ടോബറിൽ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം കഴിക്കുമ്പോള്‍ ശാഖാകുമാരിക്ക് 52 വയസും അരുണിന് 28 വയസുമായിരുന്നു പ്രായം. രഹസ്യ വിവാഹമായിരുന്നു. 50 ലക്ഷം രൂപയും 100 പവന്‍ ആഭരണവും നല്‍കിയാണ് ശാഖാകുമാരിയുടെ വിവാഹം നടത്തിയത്. അരുണിന്റെ അടുത്ത സുഹൃത്തായ ഒരാള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹ ഫോട്ടോയും മറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് അരുൺ ശാഖാകുമാരിയോട് നിർബന്ധം ചെലുത്തിയിരുന്നു. എന്നാൽ ശാഖാകുമാരിയുടെ ചില ബന്ധുക്കൾ ഫോട്ടോപ്രചരിപ്പിച്ചു. ഇത് അരുണിനെ പ്രകോപിപ്പിക്കുകയും ചെയ്തു. അരുണിന്റെ വീട്ടുകാർക്ക് വിവാഹത്തെ കുറിച്ച് അറിയില്ലായിരുന്നു. പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരിൽ കൂട്ടുകാർ നിരന്തരം കളിയാക്കുകയും ചെയ്തിരുന്നു.
ഇത് ഇരുവരും തമ്മിലെ ബന്ധം വഷളാക്കി. സ്വത്ത് സംബന്ധിച്ചും ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടായി. മുമ്പും ശാഖാകുമാരിയെ കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നുവെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. 2020 ഡിസംബർ 25ന് ക്രിസ്മസ് ആഘോഷത്തിന് ശേഷം ബന്ധുക്കൾ വീട്ടിൽ നിന്ന് പോയപ്പോൾ അരുൺ ശാഖാകുമാരിയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അലങ്കാര വിളക്കുകളിൽ നിന്ന് ഷോക്കേറ്റാണ് ശാഖ മരിച്ചതെന്നാണ് അരുൺ പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.