മരിച്ചെന്ന് വാർത്ത കൊടുത്ത് ഒളിവിൽപോയ മുക്കുപണ്ടം കേസിലെ പ്രതി പിടിയിൽ
text_fieldsകോട്ടയം: മുക്കുപണ്ടം പണയംവെച്ച് 4.50 ലക്ഷം തട്ടിയെടുത്തതിനുപിന്നാലെ, മരണപ്പെട്ടുവെന്ന് സ്വയം വാർത്ത നൽകിയശേഷം ഒളിവിൽ പോയയാൾ പിടിയിൽ. കോട്ടയം കുമാരനല്ലൂർ മയാലിൽ എം.ആർ. സജീവാണ് (41) പിടിയിലായത്. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ നിന്ന് വെള്ളിയാഴ്ച വൈകീട്ടാണ്ഗാന്ധിനഗർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷമാണ് കോട്ടയത്തെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇയാൾ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയത്. ഇവരുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഒരു പത്രത്തിന്റെ ചരമ പേജിൽ ഇയാളുടെ ഫോട്ടോ അടക്കം വാർത്ത വന്നു. ചെന്നൈയിലെ അഡയാറിൽ സംസ്കാരം നടത്തിയെന്നും വാർത്തയിലുണ്ടായിരുന്നു. ഇക്കാര്യം ഇവർ പൊലീസിനെ അറിയിച്ചു. ഇതിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൊടൈക്കനാലിൽ കണ്ടെത്തുന്നത്.
അന്വേഷണം വഴിതെറ്റിക്കാൻ ഇയാൾ തന്നെ ചരമവാർത്ത നൽകിയശേഷം ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഗാന്ധിനഗർ എസ്.എച്ച്.ഒ ടി. ശ്രീജിത്, സബ് ഇൻസ്പെക്ടർ എം.എച്ച്. അനുരാജ്, എസ്.ഐ എസ്. സത്യൻ, രഞ്ജിത്ത്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.