മാനന്തവാടി കെ.എസ്.ആർ.ടി.സിക്ക് വൻനേട്ടം; പ്രതിദിന വരുമാനം 20 ലക്ഷം കടന്നു
text_fieldsമാനന്തവാടി: കെ.എസ്.ആർ.ടി.സി മാനന്തവാടി യൂനിറ്റിൽ പ്രതിദിന വരുമാനം ആദ്യമായി 20 ലക്ഷം കടന്നു. റെക്കോഡ് വരുമാന നേട്ടം നേടിയാണ് ഡിപ്പോ പുതിയ ചരിത്രം കുറിച്ചത്. കലക്ഷൻ ഇനത്തിൽ ആഗസ്റ്റ് 31ലെ സർവിസുകളിലൂടെ 20,86,261 രൂപയാണ് ഡിപ്പോ നേടിയത്. നേരത്തെ യൂനിറ്റ് കരസ്ഥമാക്കിയിരുന്ന ഉയർന്ന വരുമാനത്തേക്കാൾ രണ്ടുലക്ഷം രൂപയാണ് അധികമായി നേടിയത്.
ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും സംയുക്ത പരിശ്രമവും യാത്രക്കാരുടെ ആവശ്യാനുസരണം തയാറാക്കിയ ക്രമീകരണങ്ങളുമാണ് വൻനേട്ടത്തിന് പിന്നിൽ. അവധി ദിവസങ്ങളിലെ യാത്രാത്തിരക്ക് മുന്നിൽ കണ്ട് യുനിറ്റിൽനിന്ന് പ്രതിദിനം നടത്തുന്ന 79 ഷെഡ്യൂളുകൾക്ക് പുറമെ സംസ്ഥാന, അന്തർ സംസ്ഥാന റൂട്ടുകളിലായി അഞ്ച് അധിക സർവിസുകൾകൂടി ഈ ദിവസങ്ങളിൽ കൃത്യമായി ഏകോപിപ്പിച്ചതും കലക്ഷൻ കുതിച്ചുയരാൻ കാരണമായി.
ഉയർന്ന വരുമാനം നേടാൻ അഹോരാത്രം പ്രയത്നിച്ച എല്ലാ ജീവനക്കാരെയും യുനിയൻ പ്രതിനിധികളെയും യൂനിറ്റ് അധികൃതർ അഭിനന്ദിക്കുകയും ജീവനക്കാർക്ക് മധുരം നൽകി ചരിത്രനേട്ടം ആഘോഷിക്കുകയും ചെയ്തു.
യാത്രക്കാരുടെ സൗകര്യം മുൻനിർത്തി കൂടുതൽ സർവിസുകൾ ലാഭകരമായ രീതിയിൽ പുനഃക്രമീകരിക്കാനും കലക്ഷൻ വർധിപ്പിക്കാനുമുള്ള തുടർച്ചയായ ശ്രമങ്ങൾ തുടരുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

