രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി; വ്യക്തതക്കുറവ് തിരിച്ചടിയായെന്ന് കെ.പി.സി.സി യോഗത്തിൽ വിമർശനം
text_fieldsനിയമസഭാ സമ്മേളത്തിനെത്തിന് ശേഷം കാറിൽ പുറത്തേക്ക് വരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി അച്ചടക്ക നടപടിയെടുത്തെങ്കിലും സമീപനത്തിൽ നേതാക്കൾക്ക് വ്യക്തതയില്ലെന്ന് കെ.പി.സി.സി യോഗത്തിൽ വിമർശനം. മറ്റ് നേതാക്കൾ നിശ്ശബ്ദരാവുകയും പ്രതിപക്ഷ നേതാവ് മാത്രം നിലപാട് ആവർത്തിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് അജണ്ടയുണ്ടോ എന്ന വ്യാഖ്യാനങ്ങളുണ്ടാകാം. വർക്കിങ് പ്രസിഡന്‍റുമാർ നിലപാട് പറയാതിരുന്ന സാഹചര്യവും അവ്യക്തതയുണ്ടാക്കി. സസ്പെൻഡ് ചെയ്തിട്ടും രാഹുലിൽ കോൺഗ്രസ് വട്ടം കറങ്ങുന്നതിന് കാരണമിതാണെന്നാണ് വിമർശനം.
പ്രതിപക്ഷ നേതാവിനെതിരെയുണ്ടായ സൈബർ ആക്രമണങ്ങൾക്കും നിലപാടിലെ ഈ വ്യക്തതക്കുറവ് കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. രാഹുൽ വിഷയത്തിൽ വ്യക്തതയുള്ള നിലപാട് നേതാക്കൾ പറയാത്തതും ആക്രമണത്തിന് കാരണമാണ്. യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷൻ രാഹുലിനൊപ്പം സഭയിലെത്തിയത് നേതാക്കളുടെ പിന്തുണയോടെയാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ലെന്നും വിമർശനമുയർന്നു. സമൂഹമാധ്യമം വഴി നേതാക്കളെ ആക്രമിക്കുന്നത് നിർത്തണമെന്ന് കെ. മുരളീധരൻ തുറന്നടിച്ചു. അതിന് പ്രോത്സാഹനം നൽകുന്നവർ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ നടന്ന സൈബർ ആക്രമണത്തിൽ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിൽ ഉൾപ്പെട്ടവർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കാൻ കെ.പി.സി.സി തീരുമാനിച്ചു. വി.ടി. ബൽറാമിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് ഇക്കാര്യം പരിശോധിക്കുക. വയനാട്ടിലെ പഞ്ചായത്തംഗത്തിന്‍റെ ആത്മഹത്യയും ചർച്ചയായി. എൻ.എം. വിജയന്റെ കുടുംബത്തിന് പരമാവധി സഹായം ചെയ്തുവെന്ന് വയനാട്ടിൽ നിന്നുള്ള നേതാക്കൾ വിശദീകരിച്ചു. സമൂഹമാധ്യമ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ തീരുമാനിച്ചു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തുറന്നുകാട്ടുന്നതിന്‍റെ ഭാഗമായി ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട്ട് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. വാര്‍ഡ് തലത്തില്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് കാമ്പയിന്‍ നടത്താനും തീരുമാനിച്ചു. വാര്‍ഡ് തലത്തില്‍ നടക്കുന്ന ഗൃഹസന്ദര്‍ശനവും ഫണ്ട് ശേഖരണവും സെപ്റ്റംബര്‍ 30 വരെ നീട്ടും. ഡി.സി.സി നേതൃയോഗങ്ങള്‍ സെപ്റ്റംബര്‍ 20 നുള്ളിൽ പൂര്‍ത്തിയാക്കും. മണ്ഡല അവലോകന യോഗം സെപ്റ്റംബര്‍ 20, 21, 22 തീയതികളില്‍ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.