കൂടൽ ബിവറേജസ് തട്ടിപ്പ്: ഏഴുപേർക്കെതിരെ നടപടി
text_fieldsകോന്നി: കൂടൽ ബിവറേജസ് ഔട്ട്ലറ്റിൽനിന്ന് തട്ടിയെടുത്ത 81 ലക്ഷം രൂപയിൽ അധികവും പ്രതി അരവിന്ദ് ചെലവിട്ടത് ചൂതാട്ടത്തിനെന്ന് കണ്ടെത്തൽ. ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു.
ദേശസാത്കൃത ബാങ്കിലെയും ഗ്രാമീണ ബാങ്കിലെയും അക്കൗണ്ടാണ് മരവിപ്പിച്ചത്. ഗ്രാമീണ ബാങ്ക് അക്കൗണ്ടിൽ നിലവിൽ 22 ലക്ഷം രൂപയും ദേശസാത്കൃത ബാങ്കിലെ അക്കൗണ്ടിൽ അരലക്ഷം രൂപയും ഉള്ളതായി പൊലീസ് കണ്ടെത്തി.
സംഭവശേഷം മുങ്ങിയ പ്രതി അരവിന്ദ് എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമം നടത്തുന്നുണ്ടോയെന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഏഴുമാസംകൊണ്ട് അരവിന്ദ് തട്ടിയെടുത്ത 81,64,049 രൂപയിൽ സിംഹഭാഗവും ഓൺലൈൻ റമ്മി കളിക്കാണ് ഉപയോഗിച്ചത്. അക്കൗണ്ട് പരിശോധിച്ചതിൽനിന്ന് യശ്വന്ത്പുർ സ്വദേശികളായ രണ്ട് പേരുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും അങ്ങനെയെങ്കിൽ ചൂതാട്ടത്തിലൂടെ പണം തട്ടിയതിന് ഇരുവരെയും പ്രതികളാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
അതിനിടെ കൂടൽ ബിവറേജസ് വിൽപനശാലയിൽ 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഏഴ് ജീവനക്കാർക്കെതിരെ നടപടിയെടുത്തു. ഔട്ട്ലറ്റ് മാനേജർ കൃഷ്ണകുമാർ, പണം തട്ടിയെടുത്ത അരവിന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ ഓഡിറ്റ് വിഭാഗം മാനേജർ രഞ്ജിത്ത്, അസിസ്റ്റന്റ് മാനേജർ ആനന്ദ്, സീനിയർ അസിസ്റ്റന്റ് ടി.ആർ. കിരൺ, അസിസ്റ്റന്റുമാരായ സുധിൻരാജ്, ഷാനവാസ് ഖാൻ എന്നിവരെ സ്ഥലംമാറ്റി.
പ്രതിമാസ ഓഡിറ്റ് നടത്താറുണ്ടെങ്കിലും ഏഴ് മാസമായി കൂടൽ ബിവറേജസ് ഔട്ട്ലറ്റിൽ നടന്ന ക്രമക്കേട് കണ്ടെത്താൻ കഴിയാത്തതിനാലാണ് ഓഡിറ്റ് വിഭാഗം ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. പണം തട്ടിയ ക്ലർക്ക് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ ശൂരനാട്ടെ വീട് അടച്ചിട്ടിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.