സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷൻ പ്ലാൻ; കര്‍ഷകര്‍ക്ക് 77 കോടിയുടെ സഹായ പദ്ധതി
text_fieldsതിരുവനന്തപുരം: സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ പ്രത്യേക ആക്ഷന്‍ പ്ലാൻ നടപ്പാക്കിവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പ്രദേശങ്ങൾ പ്രത്യേകം ക്ലസ്റ്ററായി തിരിച്ചിട്ടുണ്ട്. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു.
രോഗബാധിതരെ എത്രയും വേഗം കണ്ടെത്തുകയും സമ്പര്‍ക്കത്തിലുള്ളവരെ ക്വാറൻറീനിലാക്കുകയുമാണ്. അതിര്‍ത്തികടന്നു വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒ.പി തുടങ്ങുകയും കിടത്തിചികിത്സക്കുള്ള സൗകര്യമൊരുക്കിയിട്ടുമുണ്ട്. കോവിഡ് ചികിത്സാചെലവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായി ധാരണയായി.ആദ്യഘട്ടത്തില്‍ 200ഓളം ആശുപത്രികള്‍ സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ സി.എഫ്.എൽ.ടി.സികളിലും ഇവരുടെ സേവനം ഉപയോഗിക്കും.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍ ആവിഷ്കരിച്ചു 77 കോടി രൂപയാണ് പദ്ധതി െചലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിലെ 5000 കര്‍ഷകര്‍ക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്സിഡി നല്‍കും. 3,500 കര്‍ഷകര്‍ക്ക് കിടാരി വളര്‍ത്തലിനായി 15,000 രൂപ വീതം സബ്സിഡിയും, കാറ്റ്ല് ഷെഡ് നിര്‍മാണത്തിനായി 5,000 കര്‍ഷകര്‍ക്ക് 25,000 രൂപ വീതം സബ്സിഡിയും വിതരണം ചെയ്യും. 6,000 കര്‍ഷകര്‍ക്ക് 6,650 രൂപ വീതം കാലിത്തീറ്റ സബ്സിഡിയും ആടുവളര്ത്തലിനായി 1,800 പേര്‍ക്ക് 25,000 രൂപ വീതവും സബ്സിഡി നല്‍കും.
സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം കോണ്ടാക്റ്റ് ട്രെയിസിങ്ങിനായി പൊലീസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.