‘സാറിന്‍റെ സിനിമയിൽ ഒരു സീനാണെങ്കിലും ചെയ്യൂവെന്നു പറഞ്ഞാൽ ഓടിയെത്തുമെന്ന് ഞാൻ മറുപടി പറഞ്ഞു’ -ജയറാം
text_fieldsകൊച്ചി: ഷാജി എൻ. കരുൺ അന്തരിച്ചെന്ന് ചില വാട്സ്ആപ് ഗ്രൂപ്പുകളിൽ സന്ദേശമെത്തിയപ്പോൾ, വെറുതെ പരക്കാറുള്ള പല മരണവാർത്ത പോലെ ഒന്നു മാത്രമാകുമെന്നാണ് പ്രതീക്ഷിച്ചത്. വിശ്വസിക്കാനാകുന്നില്ല. അദ്ദേഹത്തിന്‍റെ സിനിമയിൽ വേഷം ചെയ്യുന്നതിനെക്കുറിച്ച് ഒരു വർഷം മുമ്പ് ചോദിച്ചിരുന്നു. സാറിന്‍റെയൊക്കെ സിനിമയിൽ ഒരു സീനാണെങ്കിലും ചെയ്യൂവെന്നുപറഞ്ഞാൽ ഓടിയെത്തുമെന്നാണ് ഞാൻ മറുപടി പറഞ്ഞത്.
അപ്പോഴും ഇത്രക്ക് ആരോഗ്യപ്രശ്നമുള്ളത് അറിഞ്ഞില്ല. ഒരു നടനെന്ന നിലക്ക് എനിക്ക് കിട്ടിയ വലിയ മഹാഭാഗ്യങ്ങളിലൊന്നാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ പറ്റിയത്. എനിക്കിഷ്ടപ്പെട്ട ചെണ്ട എന്ന വാദ്യോപകരണത്തിന്‍റെ പേരിൽ അറിയപ്പെട്ട, ഏറ്റവും വലിയ കലാകാരനായിരുന്ന തൃത്താല കേശവപ്പൊതുവാളിന്‍റെ ജീവിതം സിനിമയാക്കാനും അദ്ദേഹത്തിന്റെ വേഷം ചെയ്യാനും സോപാനം എന്ന ചിത്രത്തിലൂടെ സാധിച്ചു.
കേശവേട്ടന്‍റേതായിട്ടുള്ള അധികം വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നിട്ടും പലയിടങ്ങളിൽ നിന്നായി ഓരോ വിവരവും ശേഖരിച്ച് രൂപവും പെരുമാറ്റവുമൊക്കെ എനിക്ക് സൂക്ഷ്മമായി പറഞ്ഞുതന്നിരുന്നു. എല്ലാ വാദ്യോപകരണങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. മറ്റു ഭാഷകളിൽ ചെല്ലുമ്പോൾ അഹങ്കാരത്തോടെ പറയാവുന്ന പേരാണ് നഷ്ടമായത്. ലോകോത്തര നിലവാരത്തിൽ മലയാളത്തെക്കൊണ്ടെത്തിച്ച വ്യക്തിത്വമാണ് അദ്ദേഹം -ജയറാം അനുസ്മരിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഷാജി എൻ. കരുൺ അന്തരിച്ചത്. തിരുവനന്തപുരം വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. അർബുദരോഗബാധിതനായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മുതൽ 12വരെ കലാഭവനിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലിന് ശാന്തി കവാടത്തിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.