‘യുവാക്കൾ രാജ്യത്തിന്‍റെ നിധി, അവരെ കേൾക്കൂ...’; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് നടൻ മമ്മൂട്ടി
text_fieldsകൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് നടൻ മമ്മൂട്ടിയും.
യുവാക്കൾ രാജ്യത്തിന്‍റെ നിധിയാണെന്നും അവരുടെ ശബ്ദങ്ങൾ കേൾക്കണമെന്നും മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർഥ നിധി. അവരെ കേൾക്കൂ. അവരെ സംരക്ഷിക്കുക. അവരെ ശാക്തീകരിക്കുക’ -മമ്മൂട്ടി കുറിച്ചു. നേരത്തെ, നടന്മാരായ ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഇന്ദ്രജിത്ത് സുകുമാരൻസ കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, കാളിദാസ് ജയറാം, നിഖില വിമൽ, ജോജു ജോർജ്, വിസ്മയ മോഹൻലാൽ തുടങ്ങിയവർ ന്യൂഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.
ഭിന്നിപ്പുകളിലൂടെയും അക്രമങ്ങളിലൂടെയുമല്ല, സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്നാണ് നടൻ ദുൽഖർ സൽമാൻ പ്രതികരിച്ചത്.
വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതത്വവും പ്രതിസന്ധികളും ഹൃദയം തകർക്കുന്നതാണെന്ന് വ്യക്തമാക്കിയ ദുൽഖർ, പരസ്പരം മനസ്സിലാക്കാനും കാര്യങ്ങൾ ചോദിച്ചറിയാനും ഈ സാഹചര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം എന്നത് എക്കാലത്തും പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും വാഗ്ദാനമാണെന്ന് ദുൽഖർ പറഞ്ഞു. ജന്തർ മന്ദറിൽ ഇപ്പോൾ സംഭവിക്കുന്നത് നമ്മളെയെല്ലാം അൽപനേരം ആലോചിപ്പിക്കാനും, കാര്യങ്ങൾ കേൾക്കാനും, പരസ്പരം മനസ്സിലാക്കാനും ഓർമപ്പെടുത്തുന്ന ഒന്നാണ്. യുവാക്കൾ ഇത്തരത്തിൽ ഒരു വലിയ അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് അങ്ങേയറ്റം വിഷമമുണ്ടാക്കുന്നു. ചില വിദ്യാർഥികൾക്ക് മുന്നോട്ട് പോകാൻ യാതൊരു വഴിയുമില്ലെന്ന് തോന്നുകയും, മറ്റുചിലർ തങ്ങളുടെ ജീവൻ തന്നെ അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും ദുൽഖർ വ്യക്തമാക്കി.
കൂടാതെ, ജന്തർ മന്തറിലെ സമരവേദിയിൽ നടൻ പ്രകാശ് രാജ്, നടി ഷബാന ആസ്മി, രഞ്ജിനി ഹരിദാസ് ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പ്രതിഷേധത്തിന്റെ ഭാഗമാകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

