എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ; ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിയിൽ ഒടുവിൽ നടപടി
text_fieldsഎ.ഡി.ജി.പി എം.ആർ. അജിത്കുമാർ
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ. മൂന്ന് ഡിവൈ.എസ്.പിമാർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും കൈക്കൊണ്ടു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ ഉദ്യോഗസ്ഥരായ അഞ്ച് പൊലീസുകാർ യൂത്ത്കോൺഗ്രസ് നേതാവും നിലവിലെ എം.എൽ.എയുമായ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവരെ മർദിച്ച സംഭവത്തിലെ കേസ് ഡയറി തിരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കേസ് ഡയറി തിരുത്താൻ നിർദേശം നൽകിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിയും ബിവറേജസ് കോർപറേഷൻ സി.എം.ഡി.യുമായ എം.ആർ. അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. കേസ് ആദ്യം അന്വേഷിച്ച ഡിവൈ.എസ്.പിമാരായ കെ.എസ്. അരുൺ, കെ.പി. തോംസൺ, ദിൻരാജ് എ.ഡി.ജി.പി ഓഫിസിലെ ഗ്രേഡ് എസ്.ഐമാരായ ശ്രീകാന്ത്, ഗിരീഷ് എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി കൈക്കൊണ്ട് ആഭ്യന്തര വകുപ്പ് വ്യാഴാഴ്ച രാത്രി ഉത്തരവ് പുറപ്പെടുവിച്ചത്.
നടപടി വൈകുന്നതിൽ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും പ്രതിഷേധം ഉയർന്നിരുന്നു. ‘ഇരകളായ’ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ഉൾപ്പെടെ കാണാനിരിക്കെയാണ് സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത്. തങ്ങളുടെ കുട്ടികളെ മർദിച്ചത് മറക്കില്ലെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷവും വി.ഡി. സതീശൻ ആവർത്തിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ അധികാരത്തിലേറി ആദ്യ മന്ത്രിസഭ യോഗത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) രൂപം നൽകിയത്.
എസ്.പി. ഷൗക്കത്തിലുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി വളരെ വേഗത്തിൽ അന്വേഷണം നടത്തി സുരക്ഷ ഉദ്യോഗസ്ഥരായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇവർക്കെതിരെ സർക്കാർ സസ്പെൻഷൻ നടപടിയും സ്വീകരിച്ചു. അതിന് പിന്നാലെയാണ് കേസ് ഡയറി അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ പങ്ക് അന്വേഷിക്കാനുള്ള നീക്കത്തിലേക്ക് എസ്.ഐ.ടി നീങ്ങിയത്.
തുടരന്വേഷണ റിപ്പോർട്ടിൽ അജിത്കുമാറിന്‍റെ വിശദീകരണം തേടിയശേഷമാണ് ഡി.ജി.പി ശിപാർശ സഹിതം കൈമാറിയത്. കേസ് ഡയറി തിരുത്തിയെന്ന് പറയുന്ന സമയത്ത് താൻ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ രക്ഷാദൗത്യ ഏകോപന ചുമതലയിലായിരുന്നെന്നാണ് എ.ഡി.ജി.പി നൽകിയ വിശദീകരണം. സ്ഥലത്തില്ലാത്തിനാൽ വിശദീകരണം നൽകാൻ സാധിച്ചില്ല. വിശദീകരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ഡി.ജി.പിയോട് അജിത്കുമാർ ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാതെയാണ് നൽകിയ വിശദീകരണം സഹിതം ഡി.ജി.പി ബുധനാഴ്ച റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എം.ആർ. അജിത്കുമാറിനെതിരെ സർക്കാർ നടപടി എടുത്തത്.
ഫയർഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ 31ന് വിരമിക്കുമ്പോള്‍ ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകുന്ന കാര്യം തത്വത്തിൽ തീരുമാനിച്ചിരുന്നു. സർക്കാർ നടപടി സ്വീകരിച്ചതോടെ ഡി.ജി.പി റാങ്കിലേക്കുള്ള അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായി. സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്‍റെ ഓഫിസിലെ ഗ്രേഡ് എസ്.ഐമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഓഫിസിൽ വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചതെന്നാണ് എസ്.ഐ.ടി വിലയിരുത്തല്‍.
റിപ്പോര്‍ട്ടില്‍ വ്യക്തത തേടിയപ്പോള്‍ ഇതിന് തെളിവായി ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് ഡി.ജി.പിക്ക് സമർപ്പിച്ചത്. എസ്.ഐ.ടി റിപ്പോർട്ട് കൈമാറുന്നതിലെ കാലതാമസം വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

