നവീൻ ബാബുവിന്റെ മരണം: പ്രതി പി.പി. ദിവ്യയും കലക്ടറും നടത്തിയ സംഭാഷണം മുഴുവനില്ല, കൈക്കൂലി കേസില്‍ അന്വേഷണം നടന്നില്ല -കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ
text_fieldsകണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ വിചാരണകോടതിയെ സമീപിച്ചു. മരണത്തിലെ ഗൂഢാലോചന അന്വേഷിച്ചില്ലെന്നും കുറ്റപത്രത്തിലെ പലകാര്യങ്ങളിലും അവ്യക്തതയുണ്ടെന്നും ആരോപിച്ച് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹരജി നൽകിയത്.
നവീൻ ബാബുവിനെതിരെ പ്രതിഭാഗം ഉന്നയിച്ച കൈക്കൂലി കേസില്‍ അന്വേഷണം നടന്നില്ല എന്നതാണ് കുറ്റപത്രത്തിലെ പ്രധാന പിഴവായി ഹരജിക്കാരി ഉന്നയിക്കുന്നത്. പെട്രോൾ പമ്പുടമ ടി.വി. പ്രശാന്തില്‍നിന്ന് കൈക്കൂലി കൈപ്പറ്റിയതിന് തെളിവില്ലെന്ന് പറയുന്നുണ്ടെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. പെട്രോള്‍ പമ്പിനുള്ള എന്‍.ഒ.സി അപേക്ഷ തീർപ്പാക്കുന്നതിൽ എ.ഡി.എമ്മിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ലാൻഡ് റവന്യൂ വകുപ്പ് ജോ. കമീഷണർ നടത്തിയ അന്വേഷണ റിപ്പോർട്ടിലുണ്ട്. അക്കാര്യം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
കൈക്കൂലി ആരോപിച്ച് ടി.വി. പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെക്കുറിച്ചും കുറ്റപത്രത്തിൽ ഒന്നുമില്ല. പ്രശാന്ത് നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്സിനടുത്ത് ഉണ്ടായിരുന്നതായി കാണിക്കുന്ന വിഡിയോയുടെ മുഴുവൻ ഭാഗവും ഇല്ല. കൈക്കൂലി ആരോപിച്ചയാൾ വിജിലൻസ് ഓഫിസിൽ എട്ടര മിനിറ്റ് ചെലവഴിച്ചുവെന്നല്ലാതെ പരാതി നല്‍കിയതിന് തെളിവില്ല. ഇക്കാര്യത്തിൽ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിട്ടില്ല.
കേസിലെ പ്രതി പി.പി. ദിവ്യയും ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയനും നടത്തിയ സംഭാഷണവും മുഴുവനില്ല. മരണം നടന്ന 2024 ഒക്ടോബർ 15നും തലേന്നും നടത്തിയ വാട്സ്ആപ് ചാറ്റുകൾ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇങ്ങനെ പ്രതിക്ക് സഹായകമായ കാര്യങ്ങൾ മാത്രമാണ് കുറ്റപത്രത്തിലുള്ളതെന്നാണ് ഹരജിക്കാരിയുടെ വാദം.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹരജി ഹൈകോടതിക്ക് പിന്നാലെ സുപ്രീംകോടതിയും തള്ളിയിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണക്കായി തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ പരിഗണിക്കുമ്പോഴാണ് തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷയുടെ ഹരജി. ഈ മാസം 16ന് ഹരജി പരിഗണിക്കും.
പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച എ.ഡി.എം നവീൻ ബാബുവിന് കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യ നടത്തിയ പരാമർശമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.