Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടൂർ പ്രകാശിന്റെ പ്രസ്താവന; കൺവീനറുടെ വാക്കുകളിൽ മുന്നണിക്കും പൊള്ളൽ

text_fields
bookmark_border
അടൂർ പ്രകാശിന്റെ പ്രസ്താവന; കൺവീനറുടെ വാക്കുകളിൽ മുന്നണിക്കും പൊള്ളൽ
cancel
camera_alt

അടൂർ പ്രകാശ്

തിരുവനന്തപുരം: ട്രാക്കിലേക്ക് കയറിത്തുടങ്ങിയ സർക്കാറിനെ അപ്രതീക്ഷിത പ്രതിസന്ധിയിലേക്ക് വലിച്ചിട്ട യു.ഡി.എഫ് കൺവീനറുടെ നടപടി മുന്നണിയെയും പിടിച്ചുലക്കുന്നു. മുഖ്യമന്ത്രിയെ ഉന്നമിട്ടാണ് അടൂർ പ്രകാശിന്‍റെ പരാമർശങ്ങളെങ്കിലും മുന്നണിയിൽ കൂടിയാലോചനകളില്ലെന്ന് തുറന്നടിച്ചതാണ് കൂട്ടുത്തരവാദിത്വത്തെ പോലും സംശയമുനയിലാക്കുകയും പ്രതിപക്ഷത്തിന് ആയുധമാവുകയും ചെയ്യുന്നത്.

ഘടകകക്ഷി നേതാവിന് ലഭിച്ച അർഹമായ പദവിയെ മുന്നണി കൺവീനർതന്നെ വിവാദമാക്കിയത് ലീഗിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവികൾ നൽകിയത് അപ്രതീക്ഷിത തീരുമാനമായിരുന്നില്ല. എന്നാൽ, നിർണായക ഘട്ടത്തിൽ ഇത് അടൂർ പ്രകാശ് പ്രശ്നവത്കരിച്ചതിലൂടെ മറ്റു ചില വ്യാഖ്യാനങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. അഞ്ചാം മന്ത്രി വിവാദത്തിന് സമാനമായി ബി.ജെ.പിക്ക് രാഷ്ട്രീയ മുതലെടുപ്പിന് വഴി തുറന്നു നൽകിയെന്നതാണ് വിമർശനം. പാർട്ടി വേദികളിൽ പറയാൻ അവസരമുണ്ടായിരിക്കെ അതിന് മുതിരാതെ പ്രതിപക്ഷത്തിന് വടികൊടുത്ത മുന്നണി കൺവീനർ സർക്കാറിനെ പ്രതിരോധത്തിലാക്കിയെന്ന വികാരവും ഘടകകക്ഷികൾക്കുണ്ട്.

മുഖ്യമന്ത്രി ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന ആരോപണം സർക്കാറിന്റെ സുതാര്യതയെ പൊതുസമൂഹത്തിന് മുന്നിൽ ചോദ്യം ചെയ്യുന്നതാണ്. വൈദ്യുതി പ്രതിസന്ധി പോലുള്ള അടിസ്ഥാന ജനകീയ പ്രശ്നങ്ങളിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന സ്വന്തം മുന്നണി കൺവീനറുടെ പ്രസ്താവന പ്രതിപക്ഷത്തിന് ലഭിച്ച ഏറ്റവും വലിയ ആയുധമാണ്.

പ്രിയദർശിനി സൗജന്യ യാത്രയും ഓപറേഷൻ തൂഫാനുമടക്കം ജനപ്രിയ പദ്ധതികൾ നടപ്പാക്കിയിട്ടും തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ജനവിധി മുന്നണിയെ നിരാശയിലാക്കിയ സാഹചര്യത്തിലാണ് പ്രഹരമാകും വിധമുള്ള അടൂർ പ്രകാശിന്‍റെ പ്രസ്താവന. മുന്നണി വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി നാല് മാസം പിന്നിടുന്ന ഘട്ടത്തിൽ രാഷ്ട്രീയക്കാറ്റ് മാറുന്നുവെന്ന സൂചനകൾ നൽകിയ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുടനെയാണ് അണികളെ നിരാശപ്പെടുത്തുന്ന പരാമർശങ്ങളുണ്ടായത്. സീറ്റെണ്ണം കുറഞ്ഞത് മാത്രമല്ല, വിജയിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിലും ഇടിവുണ്ടായി.

തദ്ദേശ ഉപതെരഞ്ഞെടുപ്പിനെ മുന്നണി ഗൗരവത്തോടെ കണ്ടില്ലെന്നും ഇത് പ്രതിപക്ഷത്തിന് അവസരമുണ്ടാക്കിയെന്നുമുള്ള വികാരവും യു.ഡി.എഫിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലെ വലിയ നേട്ടത്തെ തുടർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ തങ്ങൾക്ക് പൂർണമായും അനുകൂലമാണെന്ന അമിത ആത്മവിശ്വാസം നേതൃത്വത്തിനുണ്ടായതും പ്രതീക്ഷിക്കാത്ത ജനവിധിക്ക് കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adoor Prakash's statement; Convener's words will burn the front
Next Story