വകുപ്പിലേക്ക് കടന്നുകയറ്റം; കേസിൽ കൂറുമാറ്റം, വീണ്ടും സി.പി.ഐ - സി.പി.എം അസ്വാരസ്യം
text_fieldsതിരുവനന്തപുരം: ഇടതുമുന്നണിയിൽ സി.പി.എം - സി.പി.ഐ അസ്വാരസ്യം വീണ്ടും തലപൊക്കുന്നു. കൃഷി മന്ത്രി പി. പ്രസാദിന്റെ ഇസ്രായേൽ യാത്ര മുഖ്യമന്ത്രി വിലക്കിയതിനൊപ്പം റവന്യൂ മന്ത്രി കെ. രാജന്റെ ചുമതലയിലായിരുന്ന ദുരന്തപ്രതികരണ വകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രി ഏറ്റെടുക്കുകയും ചെയ്തു. തങ്ങളുടെ വകുപ്പിലേക്കുള്ള കടന്നുകയറ്റമായാണ് സി.പി.ഐ ഇതിനെ കാണുന്നത്.
കാസർകോട്ട് മുൻമന്ത്രിയും സി.പി.ഐ അസി. സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സാക്ഷികളായ സി.പി.എം നേതാക്കൾ കൂറുമാറിയതിനെ തുടർന്ന് ബി.ജെ.പിക്കാരായ പ്രതികളെ വെറുതെവിട്ട സംഭവവും സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്. സി.പി.ഐ വകുപ്പുകളിലേക്കുള്ള കടന്നുകയറ്റം, കാസർകോട് കേസ് വിഷയങ്ങളിലെ അതൃപ്തി മുന്നണി യോഗത്തിൽ സി.പി.ഐ ഉന്നയിക്കും. ഫെബ്രുവരി 12 മുതൽ 19 വരെയായിരുന്നു മന്ത്രി പി. പ്രസാദിന്റെ ഇസ്രായേൽ യാത്ര നിശ്ചയിച്ചിരുന്നത്. അവിടത്തെ കൃഷിരീതികൾ പഠിക്കുകയായിരുന്നു ലക്ഷ്യം.
ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനക്ക് വന്നപ്പോൾ തൽക്കാലം വേണ്ടെന്ന് കുറിപ്പെഴുതി മടക്കി. 2016ൽ കാസർകോട്ടെ മാവുങ്കാലിൽ ഇ. ചന്ദ്രശേഖരന് നേരെ നടന്ന ആക്രമണ കേസിന്റെ വിചാരണക്കിടെ സി.പി.എം ജില്ല നേതാക്കളായ ടി.കെ. രവി, അനിൽ ബങ്കളം എന്നിവരാണ് കൂറുമാറിയത്.
സി.പി.എം നേതാക്കൾ പ്രതികളായ ജില്ലയിലെ മറ്റു കേസുകളിൽ രക്ഷപ്പെടാൻ പഴുതൊരുക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയുടെ ധാരണ പ്രകാരമായിരുന്നു കൂറുമാറ്റം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടും സി.പി.ഐയും സി.പി.എമ്മും രണ്ടുതട്ടിലാണ്. കേരളത്തിലെ പര്യടന വേളയിൽ രാഹുലിനെതിരെ ആഞ്ഞടിച്ച സി.പി.എം സമാപന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള കോൺഗ്രസ് ക്ഷണം നിരസിച്ചു.
കേരള ഘടകത്തിന്റെ സമ്മർദത്തിലാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ക്ഷണം നിരസിച്ചതെന്നിരിക്കെ, സി.പി.ഐ നേതൃത്വം രാഹുലിന്റെ ക്ഷണം സ്വീകരിച്ചു. ഇക്കാര്യത്തിൽ സി.പി.എമ്മിന് സി.പി.ഐയോട് അതൃപ്തിയുണ്ട്. രാഹുലിനും ജോഡോ യാത്രക്കും കിട്ടുന്ന സ്വീകാര്യത വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
കൃഷിമന്ത്രിയുടെ സംഘം ഇസ്രായേൽ യാത്ര മാറ്റി
തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാൻ കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും െതരഞ്ഞെടുക്കപ്പെട്ട 20 കർഷകരും നടത്താനിരുന്ന ഇസ്രായേൽ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്ന് മാറ്റി. ഇസ്രായേലിലെ സംഘർഷാവസ്ഥ കാരണം യാത്ര നീട്ടിയെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടുമാസത്തിനുശേഷം യാത്രയെക്കുറിച്ച് തീരുമാനമെടുത്താൽ മതിയെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്. ഫെബ്രുവരി 12 മുതൽ 19 വരെയായിരുന്നു യാത്ര.
കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോൾ രണ്ട് കോടി ചെലവിട്ടുള്ള യാത്ര വിവാദമായിരുന്നു. യാത്രയിൽ ഇടംപിടിക്കാൻ കൃഷി ഡയറക്ടറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥർ അണിയറനീക്കം നടത്തിയതും ആരോപണങ്ങൾക്കിടയാക്കി. വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ഇത്തരം പഠനയാത്രകൾ സാധാരണ നടത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.