ആഢ്യൻപാറയിലും വയനാട്ടിലും അയ്യൻകുന്നിലും ഉരുൾപൊട്ടൽ
text_fieldsകനത്ത മഴ തുടരുന്ന വയനാട്ടിലും നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ ആഢ്യൻപാറയിലും ഇരിട്ടിക്കടുത്ത് അയ്യൻകുന്നിലും വീണ്ടും ഉരുൾപൊട്ടൽ. പൊഴുതന കുറിച്യർ മലയിലും വൈത്തിരി പൂക്കോട് നവോദയ റെസിഡൻഷ്യൽ സ്കൂളിന് സമീപവുമാണ് വയനാട്ടിൽ ഉരുൾ പൊട്ടിയത്. വ്യാഴാഴ്ച വൻ ഉരുൾപൊട്ടലുണ്ടായ പൊഴുതന കുറിച്യർ മലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് വീണ്ടും ഉരുൾപൊട്ടിയത്. നിരവധി വീടുകൾ തകർന്നു. ഏക്കർ കണക്കിന് സ്ഥലം ഒലിച്ചുപോയി.
രണ്ടു ദിവസം മുമ്പ് ഈ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ വൻനാശനഷ്ടമാണുണ്ടായത്. തുടർന്ന് ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും മാറ്റിപ്പാർപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചു വീടുകൾ പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു. ഈ ഭാഗത്തേക്കുള്ള വഴികളെല്ലാം തകർന്നു. വനം വകുപ്പിെൻറ മൂന്ന് ഏക്കറിലധികം പ്രദേശം കുത്തിയൊലിച്ചുപോയി.
വൈത്തിരി പൂക്കോട് നവോദയ റെസിഡൻഷ്യൽ സ്കൂളിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. നാശനഷ്ടങ്ങളില്ലെങ്കിലും തുടരെയുള്ള ഉരുൾപൊട്ടൽ യ വിദ്യാലയത്തിന് ഭീഷണിയാവുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇടിഞ്ഞതിനു മുകളിൽനിന്നാണ് തിങ്കളാഴ്ച ഉരുൾപൊട്ടിയത്. സ്കൂളിെൻറ ചുറ്റുമതിലിെൻറ ഒരു ഭാഗവും ഇതോടു ചേർന്ന റോഡും ഒലിച്ചുപോയി.
നിലമ്പൂർ ചാലിയാർ പഞ്ചായത്തിൽ ആഢ്യൻപാറക്ക് മുകളിൽ പന്തീരായിരം വനത്തിൽ വീണ്ടും ഉരുൾപൊട്ടൽ. നിലമ്പൂർ-നായാടംപൊയിൽ മലയോരപാതക്ക് എതിർവശത്ത് വെള്ളരിമലയിൽ തേൻപാറയിലാണ് ഉരുൾപൊട്ടിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. വനത്തിൽനിന്ന് മലയിടിയുന്ന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. നിമിഷനേരത്തിനുള്ളിൽ ഇരുപുഴകളിലുമായി മലവെള്ളപ്പാച്ചിൽ കാണപ്പെട്ടു.
വെള്ളരിമലയിൽ രണ്ട് പുഴകളുടെയും ഉദ്ഭവസ്ഥാനത്താണ് ഉരുൾപൊട്ടിയത്. ജനവാസ കേന്ദ്രത്തിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള വനഭാഗമാണിത്. കാഞ്ഞിരപുഴയോട് ചേർന്ന മതിൽമൂല, നമ്പൂരിപ്പൊട്ടി കോളനികളിൽ നിന്നുള്ളവരെ നേരേത്ത ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതിനാൽ വൻദുരന്തം ഒഴിവായി. നേരേത്ത, വെള്ളപൊക്കത്തില്‍ വീടുകള്‍ നശിച്ച മതില്‍മൂല കോളനിയടക്കം മലവെള്ളപ്പാച്ചിലിൽ വീണ്ടും വെള്ളത്തിനടിയിലായി.
പുഴയോരത്തെ നമ്പൂരിപൊട്ടി കാലികടവ് വാസികളും ദുരിതാശ്വാസ ക്യാമ്പിലാണ്. ഇതിൽ ഒമ്പത് കുടുംബങ്ങൾ ഞായറാഴ്ച വീടുകൾ ശുചീകരിച്ച് തിങ്കളാഴ്ച രാവിലെ താമസം തുടങ്ങിയിരുന്നു. ഇവർക്ക് അപകടമൊന്നും സംഭവിച്ചില്ല. ഈ കുടുംബങ്ങളെ ഹ്യൂമൻ ട്രസ്റ്റിന് കീഴിലുള്ള നമ്പൂരിപ്പൊട്ടി മസ്ജിദുന്നൂറിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇവരെ കൂടാതെ പ്രദേശത്തെ നാല് കുടുംബങ്ങളെ കൂടി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 21 കുടുംബങ്ങളാണ് ഇപ്പോൾ ഈ ക്യാമ്പിലുള്ളത്. മലപ്പുറത്തുനിന്നും നിലമ്പൂരിൽനിന്നും ഫയർഫോഴ്സും പൊലീസും ആംബുലൻസും സംഭവസ്ഥലത്തെത്തിയിരുന്നു. ഉരുൾപൊട്ടലറിഞ്ഞ് ജനം ഇവിടേക്ക് ഒഴുകിയെത്തി.
ഇരിട്ടിക്കടുത്ത് അയ്യൻകുന്നിലെ ഉരുപ്പുംകുറ്റി ഏഴാം കടവിൽ കേരള-കർണാടക വനാതിർത്തിയിലാണ് തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെ ഉരുൾപൊട്ടിയത്. ജനവാസ മേഖലയല്ലാത്തതിനാൽ കാര്യമായ നഷ്ടമില്ല. ഉരുപ്പുംകുറ്റിയെയും ഏഴാം കടവിനെയും ബന്ധിപ്പിക്കുന്ന നടപ്പാലം ഒഴുകിപ്പോയി. വൈകീേട്ടാടെ പുഴകളും തോടുകളും നിറഞ്ഞുകവിഞ്ഞത് ജനങ്ങളെ ഭീതിയിലാക്കി. ഉരുൾപൊട്ടൽ വാർത്തയോടൊപ്പം അഭ്യൂഹങ്ങളും പരന്നത് ഭീതി വർധിപ്പിച്ചു. ഇതോടെ പലരും വീടിനു പുറത്തിറങ്ങിനിന്നു. പരിശോധനയിൽ ഉരുൾപൊട്ടലിെൻറ പ്രഭവകേന്ദ്രം വനത്തിലാണെന്ന് കണ്ടെത്തി.
ബാണാസുര: ഷട്ടറുകൾ വീണ്ടും ഉയർത്തി
വെള്ളമുണ്ട: നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിെൻറ ഷട്ടറുകൾ വീണ്ടും ഉയർത്തി. തിങ്കളാഴ്ച മൂന്നുഘട്ടമായാണ് ഉയർത്തിയത്. കഴിഞ്ഞദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ ഷട്ടർ ഉയർത്തിയത് വിവാദമായിരുന്നു. നിലവിൽ മൂന്നു ഷട്ടറുകളും 50 സെ.മീറ്റർ വീതമാണ് ഉയർത്തിയത്.
വൃഷ്ടി പ്രദേശത്ത് മഴ കനത്തതിനാൽ അണക്കെട്ടിെൻറ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും. സമീപത്ത് താമസിക്കുന്നവർക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ഷട്ടർ ഇനിയും തുറക്കാനുണ്ട്. വൈകീട്ട് ആറരയോടെയാണ് ഷട്ടറുകൾ അവസാനമായി ഉയര്‍ത്തിയത്. ഇതോടെ, പടിഞ്ഞാറത്ത, കോട്ടത്തറ, വെള്ളമുണ്ട, തരിയോട്, പനമരം പഞ്ചായത്തുകളിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം പൊങ്ങി.
പരിസര ഗ്രാമക്കാരും ആശങ്കയിലാണ്. മറ്റു അണക്കെട്ടുകൾ തുറക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന റെഡ് അലര്‍ട്ട് ഉൾെപ്പടെയുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ല. എന്നാൽ, തിങ്കളാഴ്ച ഷട്ടർ ഉയര്‍ത്തുന്നത് സംബന്ധിച്ച് രാവിലെ മുതല്‍ പ്രദേശത്ത് ഉച്ചഭാഷണിയിലൂടെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതിനിടെ അറിയിപ്പുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.