കാർഷിക കോഴ്സ് പ്രവേശനം: റാങ്ക് അട്ടിമറി സംശയം ബലപ്പെടുത്തി വിവരാവകാശ രേഖ
text_fieldsതാമരശ്ശേരി: ബി.എസ്സി അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ തുടങ്ങി 12 കാർഷിക ബിരുദ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിൽ അട്ടിമറി സംശയം ബലപ്പെടുത്തി വിവരാവകാശ രേഖ. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) സി.യു.ഇ.ടി പരീക്ഷയിലെ നിശ്ചിത വിഷയങ്ങളിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ച് (ഐ.സി.എ.ആർ) തയാറാക്കിയ റാങ്ക് ലിസ്റ്റിൽനിന്ന് നടത്തിയ അലോട്ട്മെന്റിൽ ആണ് കൃത്രിമത്വം നടന്നത്.
അഡ്മിഷൻ ഉറപ്പിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന ഉയർന്ന റാങ്കുള്ള കുട്ടികൾക്ക് സീറ്റ് നൽകാതെ താഴ്ന്ന റാങ്കുള്ളവർക്ക് നൽകിയതായി ഒരു രക്ഷിതാവിന് ഐ.സി.എ.ആറിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിൽ വ്യക്തമാകുന്നു.
കേരള കാർഷിക സർവകലാശാലയിൽ അഗ്രികൾച്ചറൽ ബിരുദ കോഴ്സിന് ഓപ്ഷൻ നൽകിയ 12,063 വരെ റാങ്ക് ഉള്ളവർക്ക് ജനറൽ മെറിറ്റിൽ സീറ്റ് ലഭിച്ചപ്പോൾ അതിലും എത്രയോ ഉയർന്ന റാങ്കുള്ള നിരവധി കുട്ടികളെ അധികൃതർ തഴയുകയായിരുന്നു. നാല് മുഖ്യ റൗണ്ടുകളും ഒരു മോപ് അപ് റൗണ്ടും ആയാണ് അലോട്ട്മെന്റ് പ്രക്രിയ നടന്നത്. ഇതിൽ ഒരേ റൗണ്ടിൽതന്നെ ഉയർന്ന റാങ്കുകാർക്ക് സംവരണ സീറ്റും താഴ്ന്ന റാങ്കുകാർക്ക് ജനറൽ സീറ്റും നൽകിയതായി കാണുന്നു. ഇതുമൂലം സംവരണ സീറ്റുകളിലും അട്ടിമറി നടന്നതായാണ് സംശയം. കോഴ്സിലെ ജനറൽ, ഒ.ബി.സി പ്രവേശനം മാത്രം പരിശോധിച്ചപ്പോഴാണ് വലിയ അപാകത കണ്ടെത്തിയത്. ഐ.സി.എ.ആർ അലോട്ട്മെന്റ് നടത്തിയ രാജ്യത്തെ മുഴുവൻ സർവകലാശാലകളിലെയും 12 വിവിധ കോഴ്സുകളിലെയും വിവിധ കാറ്റഗറിയിലുള്ള പ്രവേശനത്തിൽ ഇതേ ക്രമക്കേട് നടന്നതായാണ് സംശയം.
സർക്കാറിന്റെ മറ്റ് ഇത്തരം ഏജൻസികളെല്ലാം ട്രയൽ അലോട്ട്മെന്റ്, ഫൈനൽ അലോട്ട്മെന്റ് എന്നീ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കും. കൂടാതെ ഓരോ കോളജിലും ഓരോ കോഴ്സിലും ഓരോ കാറ്റഗറിയിലും ഏതു റാങ്ക് വരെ പ്രവേശനം നൽകി എന്നത് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എന്നാൽ, ഐ.സി.എ.ആർ ഇതൊന്നും പ്രസിദ്ധീകരിക്കാത്തത് ദുരൂഹമാണ്. ലാസ്റ്റ് റാങ്ക് വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ ക്രമക്കേടിനെക്കുറിച്ച് വ്യക്തമായി അറിയാനാകും. അനർഹർക്ക് പ്രവേശനം നൽകി അർഹതയുള്ള വിദ്യാർഥികളെ പുറത്തുനിർത്തിയിരിക്കയാണ് ഐ.സി.എ.ആർ.
മോപ്അപ് റൗണ്ടിൽ അപേക്ഷിച്ച അർഹരായ എല്ലാ കുട്ടികൾക്കും അഡ്മിഷൻ നൽകാതെ അപേക്ഷകർ ഇല്ല എന്ന നിലക്ക് ധാരാളം സീറ്റുകൾ യൂനിവേഴ്സിറ്റിക്ക് തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. റാങ്ക് ലിസ്റ്റിലെ അട്ടിമറിക്കെതിരെ അധികൃതർക്ക് പരാതി നൽകിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.