കൃഷിക്ക് ഭൂമി ലഭ്യമാക്കൽ: വരുന്ന നിയമസഭ സമ്മേളനത്തിൽ നിയമം അവതരിപ്പിക്കും -മന്ത്രി പി. പ്രസാദ്
text_fieldsകേരള കാർഷിക സർവകലാശാല സ്ഥാപിത ദിനാഘോഷം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: കർഷകർക്ക് കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമി ലഭ്യമാക്കുന്ന നിയമം വരുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ 54ാമത് സ്ഥാപിതദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍ ഇൻ-ചാർജ് ഡോ. ബി. അശോക് അധ്യക്ഷത വഹിച്ചു.
സർവകലാശാല വികസിപ്പിച്ച 15 പുതിയ വിള ഇനങ്ങൾ പുറത്തിറക്കി. 16 സാങ്കേതികവിദ്യകൾ കർഷകർക്കായി അവതരിപ്പിച്ചു. വിവിധ കാമ്പസുകളിൽ സ്ഥാപിച്ച സൗരോർജ പദ്ധതി ഉദ്ഘാടനം ചെയ്തു. നിർമാണപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും നടന്നു. സർവകലാശാലയിൽ 25 വർഷം പൂർത്തിയാക്കിയ ജീവനക്കാരെയും പുതുതായി പുറത്തിറക്കിയ വിത്തിനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഫെലോഷിപ് നേടിയ വിദ്യാർഥികളെയും ആദരിക്കുകയും ചെയ്തു.
മികച്ച അധ്യാപകനുള്ള അവാർഡ് ഡോ. കെ.പി. സുധീറിനും ഗവേഷകക്കുള്ള പുരസ്കാരം ഡോ. എം. അമീനക്കും വിജ്ഞാനവ്യാപന പ്രവർത്തനത്തിനുള്ള അവാർഡ് ഡോ. വി.ജി. സുനിലിനും ഗവേഷണ സംഘത്തിനുള്ള പുരസ്കാരം കരമന ഐ.എഫ്.എസിനും ഗവേഷണകേന്ദ്രത്തിനുള്ള അവാർഡ് പട്ടാമ്പി പ്രാദേശിക ഗവേഷണകേന്ദ്രത്തിനും കൃഷിവിജ്ഞാന കേന്ദ്രത്തിനുള്ള പുരസ്കാരം തൃശൂർ കെ.വി.കെക്കും മികച്ച കോളജിനുള്ള അംഗീകാരം വെള്ളായണി കാർഷിക കോളജിനും സമ്മാനിച്ചു.
രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ, ഭരണസമിതി അംഗങ്ങളായ പി. നന്ദകുമാർ എം.എൽ.എ, ഡോ. പി.കെ. സുരേഷ്കുമാർ, ഡോ. എ. തുളസി, എസ്.എൽ. ഷിബു, ഡോ. ഇ.ജി. രഞ്ജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.