രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ഡി.എൻ.എ സാമ്പിൾ നൽകാൻ സഹോദരൻ അഹ്മദാബാദിലേക്ക്
text_fieldsപത്തനംതിട്ട: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് കുറങ്ങഴക്കാവ് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായരുടെ (39) മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും. ഡി.എൻ.എ പരിശോധനക്കുശേഷം രഞ്ജിതയുടേതാണെന്ന് ഉറപ്പാക്കിയശേഷമാകും ബന്ധുക്കൾക്ക് വിട്ടുനൽകുക. ഇതിനായി ഡി.എൻ.എ സാമ്പിൾ നൽകാനായി രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷ് വെള്ളിയാഴ്ച രാത്രി അഹ്മദാബാദിലേക്ക് പുറപ്പെട്ടു. ബന്ധുവും ഒപ്പമുണ്ട്.
കൊച്ചി വിമാനത്താവളത്തിൽനിന്ന് രാത്രിയോടെ പുറപ്പെട്ട ഇവർ മുംബൈയിലെത്തിയശേഷം അടുത്ത വിമാനത്തിലാകും അഹ്മദാബാദിലേക്ക് പോകുക. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് യാത്രക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. സാക്ഷ്യപത്രവും വിമാനടിക്കറ്റും വെള്ളിയാഴ്ച ഉച്ചയോടെ ഡെപ്യൂട്ടി കലക്ടർ കൊഞ്ഞോൺ വീട്ടിലെത്തി ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
വേഗത്തിൽ ഡി.എൻ.എ പരിശോധനക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഫലം ലഭിക്കാൻ 72 മണിക്കൂർവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തൽ. മൃതദേഹം ലഭിക്കുംവരെ രതീഷ് അഹ്മദാബാദിൽ തുടരും. വിദേശത്തായിരുന്ന മൂത്ത സഹോദരൻ രഞ്ജിത്തും നാട്ടിലെത്തിയിട്ടുണ്ട്.
വീട്ടിൽ സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. രഞ്ജിതയുടെ സ്വപ്നമായിരുന്ന നിർമാണം പുരോഗമിക്കുന്ന പുതിയ വീടിന്റെ മുറ്റത്ത് പന്തലും ഉയർന്നു. ഇത് നാടിന് വേദനയുമായി. പാലുകാച്ചലിനായി എത്തുമെന്ന് അമ്മക്കും മക്കൾക്കും വാക്കുനൽകി മടങ്ങിയ രഞ്ജിത, നിശ്ചലമായി പുതിയ വീട്ടിലേക്ക് എത്തുന്നതിന്റെ വേദന ബന്ധുക്കൾ പങ്കുവെക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജടക്കം മത രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശ്വാസവാക്കുകളുമായി വീട്ടിലെത്തി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.