കേരളത്തിന് അധിക സഹായം; പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്ന് ഗവർണർ
text_fieldsന്യൂഡൽഹി: മഹാപ്രളയത്തിൽ രാജ്യമൊന്നടങ്കം കേരളത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മൻ കീ ബാത്’ പരിപാടിയിൽ കേരളത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച മോദി രാജ്യത്തെ നാനാതുറകളിലുള്ള മനുഷ്യരും േകരളത്തിന് പിന്തുണയുമായെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് സഹതാപമുണ്ട്. നഷ്ടപ്പെട്ട ജീവനുകൾക്ക് പകരംവെക്കാൻ നഷ്ടപരിഹാരംകൊണ്ടാവില്ല. ഇൗ സഹനത്തിെൻറ നിമിഷങ്ങളിൽ ദുഃഖാർത്തരായ കുടുംബങ്ങൾക്കൊപ്പം 125 കോടി ഇന്ത്യക്കാരുമുണ്ടെന്ന് മോദി പറഞ്ഞു.
അതിനിടെ, കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഒാണനാളിൽ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് നടപടിക്രമങ്ങള്‍ ഒഴിവാക്കിയാണ് 600 കോടി പ്രാഥമിക സഹായം എത്തിച്ചതെന്നും ദേശീയ ദുരന്ത പ്രതികരണനിധി മാനദണ്ഡമനുസരിച്ച് അധിക ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി ഗവര്‍ണർ അറിയിച്ചു. പ്രധാനമന്ത്രിയെ കണ്ടശേഷം ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയും സന്ദര്‍ശിച്ച് സംസ്ഥാനത്തെ രക്ഷാ, പുനരധിവാസ പ്രവര്‍ത്തനത്തെക്കുറിച്ച് ധരിപ്പിച്ചു. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് അധിക ധനസഹായം ലഭ്യമാക്കുമെന്ന് അദ്ദേഹവും ഉറപ്പുനല്‍കി.
സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനം താന്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് സന്ദർശനവേളയിൽ പ്രധാനമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഇതിെൻറ പശ്ചാത്തലത്തിലാണ് 40 ഹെലികോപ്ടര്‍, 31 വിമാനം, 182 രക്ഷാടീമുകള്‍, 18 സൈനിക മെഡിക്കല്‍ സംഘങ്ങള്‍, 58 ദേശീയ ദുരന്തനിവാരണ സേനാ ടീമുകള്‍, ഏഴു കമ്പനി കേന്ദ്ര സായുധസേന, നേവി, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍, രക്ഷാസന്നാഹങ്ങളുള്ള 500 ബോട്ടുകള്‍ എന്നിവ വിന്യസിച്ച് കേന്ദ്രം വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആഗസ്റ്റ് 12ന് കേന്ദ്ര മന്ത്രിതല സംഘം കേരളം സന്ദര്‍ശിച്ച് നഷ്ടത്തിെൻറ കണക്കെടുത്തിരുന്നു. ഇപ്പോഴത്തെ പ്രളയം വരുത്തിയ നഷ്ടത്തെക്കുറിച്ച് പുതിയ നിവേദനം രക്ഷാപ്രവര്‍ത്തനം തീരുന്നമുറക്ക് സംസ്ഥാനം നല്‍കുമെന്നാണ് അറിയുന്നത്. ഇതിന് വരുന്ന കാലതാമസം പരിഗണിച്ചാണ് 600 കോടി രൂപ അനുവദിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നോട്ടിഫൈ ചെയ്യപ്പെട്ട ഏത് ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തിനായി ധനസഹായമനുവദിക്കുന്നത് ദേശീയ, സംസ്ഥാന പ്രതികരണനിധിയുടെ മാനദണ്ഡം അനുസരിച്ചാണ്. സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ജൂലൈ 21ന് സര്‍ക്കാര്‍ ഒരു ഇടക്കാല മെമ്മോറാണ്ടം കേന്ദ്രത്തിന് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 12ന് ഒരു കേന്ദ്ര ഇന്റര്‍ മിനിസ്റ്റീരിയല്‍ ടീം കേരളം സന്ദര്‍ശിച്ച് നഷ്ടത്തിന്റെ കണക്കെടുത്തു. പ്രളയം വരുത്തിയ നഷ്ടത്തെക്കുറിച്ചുള്ള ഒരു അഡീഷണല്‍ മെമോറാണ്ടം രക്ഷാപ്രവര്‍ത്തനം തീരുന്നമുറക്ക് സംസ്ഥാനം നല്‍കുമെന്നും ഗവർണർ മാധ്യമങ്ങളെ അറിയിച്ചു.
നവകേരളം സൃഷ്ടിക്കാം; ഒരുമാസത്തെ ശമ്പളം തന്നാൽ –മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാൻ മുഴുവൻ മലയാളികളിലും വിശ്വാസമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമാകെ ജോലിചെയ്യുന്ന മലയാളികൾ ഒരുമാസത്തെ ശമ്പളം പത്ത് മാസംകൊണ്ട് നൽകിയാൽ പുതിയ കേരളം സൃഷ്ടിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
മലയാളിയുടെ ശക്തി തിരിച്ചറിയണം. ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളികൾ ഒത്തുചേർന്ന് ഒരുമാസത്തെ ശമ്പളം നൽകിയാൽ അത് പുറത്തുനിന്നുള്ളവരുടെ സഹായത്തിനപ്പുറമാണ്. മാസത്തിൽ മൂന്ന് ദിവസത്തെ എന്ന കണക്കിൽ പത്തുമാസംകൊണ്ട് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയുമോയെന്ന് പരിശോധിക്കണം. നഷ്ടപ്പെട്ടത് പുനർനിർമിക്കുന്നതിനൊപ്പം പുതിയ കേരളം സൃഷ്ടിക്കാനുള്ള അവസരം കൂടിയാണിത്. ഇൗ ദൗത്യത്തിൽ ദേശീയ-അന്തർദേശീയ വിദഗ്ധരുടെ ഉപദേശം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.