ഗൾഫിലേക്ക് അഞ്ചുമുതൽ പത്തിരട്ടി വരെ യാത്രാനിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ
text_fieldsപഴയങ്ങാടി: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് ഗൾഫിലേക്ക് അഞ്ചുമുതൽ പത്തിരട്ടി വരെ യാത്രാനിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഗൾഫ് രാജ്യങ്ങളിൽ അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ 25 മുതൽ തുറക്കുന്നത് മുന്നിൽക്കണ്ട് മാസങ്ങൾക്കുമുമ്പേ സംസ്ഥാനത്തുനിന്ന് വിമാന യാത്രാ നിരക്ക് വർധിപ്പിച്ചിരുന്നു.
ഇതിനുപുറമെ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ആദ്യ വാരം വരെ പരമാവധി ടിക്കറ്റ് നിരക്ക് ഉയർത്തി. 27ന് കണ്ണൂരിൽനിന്ന് ദുബൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റിന് 42700 രൂപ നൽകണം.
ഇതേ വിമാനക്കമ്പനി ഷാർജയിലേക്കും അബൂദബിയിലേക്കും 37500 രൂപയാണ് ഈടാക്കുന്നത്. യു.എ.ഇയിലെ ഫുജൈറയിലേക്ക് ഇതേ ദിവസം ഇൻഡിഗോ ഫ്ലൈറ്റ് തങ്ങളുടെ സർവകാല റെക്കോഡുകൾ തിരുത്തിയാണ് 37300 രൂപക്ക് ടിക്കറ്റുകൾ വിൽക്കുന്നത്.
കോഴിക്കോടുനിന്ന് അബൂദബിയിലേക്ക് ആഗസ്റ്റ് 28ന് യാത്ര ചെയ്യാൻ ഇത്തിഹാദ് എയർവേസിന് 46,300 രൂപയും എയർ അറേബ്യയുടെ വിമാനത്തിന് 33800 രൂപയും ഇൻഡിഗോക്കും എയർ ഇന്ത്യ എക്സ്പ്രസിനും സ്പൈസ് ജെറ്റിനും ദുബൈയിലേക്ക് 37000 മുതൽ 38500 രൂപ വരെയും നൽകണം.
കൊച്ചിയിൽനിന്ന് ദുബൈയിലേക്ക് 28ന് രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ യാത്രക്കാരൻ നൽകേണ്ടത് 75600 രൂപയാണ്. യു. എ.ഇയിലേക്ക് കൊച്ചിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിനും സ്പൈസ്ജെറ്റിനും യാത്രാനിരക്ക് 37000 രൂപ മുതൽ 38000 വരെയാണ്.
സംസ്ഥാനത്തെ വിമാനയാത്രക്കാർ ഉപയോഗപ്പെടുത്തുന്ന, പൊതുവേ നിരക്ക് കുറവായ കർണാടകയിലെ മംഗളൂരുവിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇയിലേക്ക് ഈടാക്കുന്നത് ഈ കാലയളവിൽ 32000 രൂപക്ക് മുകളിലാണ്. കണ്ണൂരിൽനിന്ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഈ കാലയളവിൽ 36000 രൂപയും കോഴിക്കോടുനിന്ന് 40,200 രൂപയും ഈടാക്കുന്നു.
കണ്ണൂരിൽനിന്ന് ഖത്തറിലെ ദോഹ എയർപോർട്ടിലേക്ക് 47000 രൂപയാണ് നിരക്ക്. കോഴിക്കോടുനിന്ന് ഈ റൂട്ടിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് 48,700 രൂപ.
28ന് കോഴിക്കോടുനിന്ന് ദോഹയിലേക്ക് 83,500 രൂപയും 29ന് 1,10,642 രൂപയുമാണ് വിമാന നിരക്കായി പുലർച്ചെ 3.35ന് പുറപ്പെട്ട് രാവിലെ 05.30ന് എത്തുന്ന ഖത്തർ എയർവേസിന്റെ വിമാന നിരക്കായി കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.