'പ്രിയ സഹോദരൻ ഷാജഹാനെ വിജയിപ്പിക്കണം'; വൃക്ക പകുത്തുനൽകിയ നിലമ്പൂരിലെ ഷാജഹാന് കോട്ടയത്ത് നിന്ന് വോട്ടഭ്യർഥിച്ച് ഐശ്വര‍്യയുടെ കുടുംബം
text_fieldsഐശ്വര്യ കുടുംബത്തോടൊപ്പം, ഷാജഹാൻ
നിലമ്പൂർ: അറിയുകയും കേൾക്കുകയും ചെയ്യാത്ത ഷാജഹാനെ ഒരു ഫോൺ കാളിലൂടെയാണ് കോട്ടയം ഈരാറ്റുപേട്ടയിലെ ആര‍്യയുടെ കുടുംബം അറിഞ്ഞത്.
ആര‍്യയുടെ അനുജത്തി ഐശ്വര‍്യ വൃക്കസംബന്ധമായ രോഗത്താൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സമയത്താണ് നിലമ്പൂരിൽനിന്ന് ഷാജഹാന്‍റെ ഫോൺ കാൾ എത്തുന്നത്. ഒരു വർഷത്തോളം ഡയാലിസിസ് ചെയ്തിരുന്ന ഐശ്വര‍്യയുടെ ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവെക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന് വൈദ‍്യസംഘം അറിയിച്ചതോടെ നിർധന കുടുംബം എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ഒരുനിയോഗം പോലെ ഷാജഹാന്‍റെ വിളിയെത്തുന്നത്.
സമൂഹമാധ‍്യമങ്ങളിലൂടെയാണ് ഷാജഹാൻ വൃക്കയുടെ കാര‍്യം അറിയുന്നത്. ഫോണിലൂടെ കാര‍്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രതിഫലം ഒന്നും വേണ്ട എന്‍റെ വൃക്ക തരാമെന്ന് പറഞ്ഞ് ഗാഢമായ മനുഷ‍്യസ്നേഹത്തിന്‍റെ പ്രതിപുരുഷനായി ഷാജഹാൻ കുടുംബത്തിന്‍റെ മുന്നിലെത്തി. 2020ൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഇരുവരും ആരോഗ‍്യപ്രശ്നങ്ങളില്ലാതെ കഴിയുന്നു. പിന്നീട് കുടുംബവുമായി ഷാജഹാൻ സ്നേഹബന്ധം പുതുക്കി പോന്നു.
അഞ്ചു വർഷത്തിനിപ്പുറം നിലമ്പൂർ മുമ്മുള്ളി ഡിവിഷനിൽ തൃണമൂൽ കോൺഗ്രസിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി ഷാജഹാൻ മത്സരിക്കുന്ന വിവരം ഐശ്വര‍്യയുടെ കുടുംബം അറിഞ്ഞു. നിലമ്പൂരിൽ കുടുംബസമേതമെത്തി പിന്തുണ അറിയിച്ചു. വൃക്ക പകുത്ത് നൽകിയ എന്‍റെ പ്രിയ സഹോദരൻ ഷാജഹാന് വോട്ട് നൽകണമെന്ന് അഭ‍്യർഥിച്ചുള്ള സമൂഹമാധ‍്യമത്തിലെ ഐശ്വര‍്യയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

