ആലിക്കുട്ടി മുസ്ലിയാര്; ആഗോളതലത്തിൽ ശ്രദ്ധ നേടിയ പണ്ഡിതഗുരു
text_fieldsപ്രഫ.കെ ആലിക്കുട്ടി മുസ്ലിയാര്
മലപ്പുറം: സമസ്തയുടെ നേതൃനിരയിലും ആഗോള പണ്ഡിത വേദികളിലും പണ്ഡിതപ്രതിഭയായിരുന്നു വിടപറഞ്ഞ പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാര്. ആഗോളതലത്തില്‍ ഇസ്ലാമിന്റെ ആത്മീയതയും തസവ്വുഫും ചര്‍ച്ച ചെയ്യപ്പെട്ട വേദികളിലും നിറസാന്നിധ്യമായി. ഈജിപ്ത്, സഊദി അറേബ്യ, തുര്‍ക്കിയ, ലിബിയ, സെനഗല്‍, ഇറാഖ്, മൊറോക്കോ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സെമിനാറുകളിൽ പങ്കെടുക്കുകയും നിരവധി സമഗ്രമായ പഠനപ്രബന്ധങ്ങളും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര് ഉള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതരുടെ കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് നേടിയ വിജ്ഞാന സമ്പാദ്യമാണ് അദ്ദേഹത്തെ വാനോളം ഉയർത്തിയത്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് വന്ന ശിഷ്യർക്ക് അറിവ് പകരുകയും പതിനായിരക്കണക്കിന് പ്രഗത്ഭരായ ശിഷ്യന്മാരെ വാര്‍ത്തെടുക്കുകയും ചെയ്തു.
ജാമിഅയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ 'ഓസ്ഫോജ്ന'യിലൂടെ ഗള്‍ഫ് രാജ്യങ്ങളിൽ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ ഒരു നിര്‍ണ്ണായക സാന്നിധ്യം അദ്ദേഹം നേടിയെടുത്തു. അല്‍ മുഅല്ലിം, അല്‍ നൂര്‍, സുന്നി അഫ്കാര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായും കേരള മുസ്ലിം ഡാറ്റാ ബാങ്ക് വെബ് പോര്‍ട്ടലിന്റെ വക്താവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
2011ല്‍ ലിബിയയില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012ല്‍ മൊറോക്കോയില്‍ നടന്ന ആഗോള സംഗമത്തിലും ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും തസവ്വുഫ് വിഷയമാക്കി അദ്ദേഹം അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധയാകർഷിച്ചിരുന്നു. മുസ്ലിം വേള്‍ഡ് ലീഗിന്റെ കീഴിലുള്ള 'ഇസ്ലാമിക ഫിഖ്ഹ് കൗണ്‍സില്‍' അംഗമായും അദ്ദേഹം തിളങ്ങി.
ഒട്ടേറെ നേട്ടങ്ങളും സംഘടനാപരമായ ബഹുമതികളും നേടിയ അദ്ദേഹം സമസ്തയ്ക്കായി അഹോരാത്രം പരിശ്രമിച്ച മഹാമനീഷി ആയിരുന്നു. കേരളക്കരയും രാജ്യതലത്തിലും മാത്രമല്ല, ആഗോളതലത്തിൽ വരെ അതിരുകൾ താണ്ടി അദ്ദേഹത്തിന്റെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

