സഭയിൽ മാറ്റങ്ങൾ നിർദേശിച്ച് അൽമായ സിനഡിന് സമാപനം
text_fieldsകൊച്ചി: എറണാകുളം മേജർ അതിരൂപത അൽമായ മുന്നേറ്റം നേതൃത്വം നൽകിയ രണ്ടുദിവസത്തെ അൽമായ സിനഡ് സമാപിച്ചു. ആഗോള കത്തോലിക്ക സഭ സംഘടിപ്പിച്ച സിനഡ് ഓൺ സിനഡാലിറ്റിയുടെ ഫൈനൽ ഡോക്യുമെന്റനുസരിച്ച് കത്തോലിക്ക സഭയിൽ ആദ്യമായി നടന്ന അൽമായ സിനഡ് ചരിത്രവിജയമായെന്ന് അൽമായ മുന്നേറ്റം പ്രസ്താവനയിൽ അറിയിച്ചു. സഭയിൽ നിരവധി ഘടനാപരമായ മാറ്റങ്ങൾ സിനഡിൽ നിർദേശിച്ചു.
സഭ സ്വന്തം പോരായ്മ സമ്മതിക്കേണ്ടതുണ്ടെന്നും സഭ പാരമ്പര്യമനുസരിച്ച് അൽമായ ഭൂരിപക്ഷമുള്ള ഭരണക്രമം പുനഃസ്ഥാപിക്കാൻ തയാറാവണമെന്നും സിനഡൽ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. സഭയുടെ മീഡിയ കമീഷൻ ദൈവജനത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനകളുമായി രംഗത്തുവരുന്നതും അതിരൂപതയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതും അവസാനിപ്പിക്കണം, നിലവിൽ മെത്രാന്മാരുടെ സിനഡ് മാത്രമുള്ള സഭയിൽ സഭ സിനഡ് രൂപവത്കരിക്കണം. എല്ലാ രൂപതയിലും സിനഡുകൾ ഉണ്ടാവണം. എറണാകുളം കത്തീഡ്രൽ ബസലിക്ക തുറന്ന് കുർബാന അർപ്പിക്കാനുള്ള തീരുമാനം ഉടനുണ്ടാവണം തുടങ്ങിയ ആവശ്യങ്ങൾ ഉയർന്നു.
സമാപനയോഗത്തിൽ വൈദിക സമിതി സെക്രട്ടറി ഡോ. കുരിയാക്കോസ് മുണ്ടാടൻ മുഖ്യസന്ദേശം നൽകി. അൽമായ മുന്നേറ്റം പ്രസിഡൻറ് ഷൈജു ആന്റണി അധ്യക്ഷത വഹിച്ചു. വക്താവ് റിജു കാഞ്ഞൂക്കാരൻ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.എം. ജോൺ നന്ദിയും പറഞ്ഞു.
കെ.സി.വൈ.എം അതിരൂപത പ്രസിഡൻറ് ജെറിൻ പടയാട്ടിൽ, സി.എൽ.സി പ്രസിഡന്റ് സിനോമ്പി ജോയ് എന്നിവർ സംസാരിച്ചു. ഫാ. ജോഫി തോട്ടങ്കരയും ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളിയും വിഷയാവതരണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.