ഡ്യൂട്ടി സമയം കഴിഞ്ഞെന്ന്; പാമ്പുകടിയേറ്റ കുട്ടിയുമായിവന്ന ആംബുലൻസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി
text_fieldsഗാന്ധിനഗർ (കോട്ടയം): പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ എട്ടുവയസ്സുകാരനുമായിവന്ന 108 ആംബുലൻസിന്‍റെ ഡ്രൈവർ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വാഹനം നടുറോഡിൽ നിർത്തി ഇറങ്ങിപ്പോയി. വെള്ളിയാഴ്ച രാത്രി എട്ടിന് എം.സി റോഡിൽ മോനിപ്പളളിയിലാണ് സംഭവം.
മുളക്കുളം ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അഭനവിനാണ് പാമ്പുകടിയേറ്റത്. സ്കൂളിലെ വാർഷികാഘോഷം കഴിഞ്ഞ് വൈകിട്ട് അമ്മ വീടായവെളളൂരിലെത്തിയിരുന്നു. ഇവിടെ വീട്ടുമുറ്റത്ത് കളിക്കവെ കാലിൽ എന്തോ കടിച്ചതായി അമ്മയോട് പറഞ്ഞു. വേദനയും നീരും ഉണ്ടായതോടെ പിറവം താലൂക്കു ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ കുത്തിവെപ്പിന് നിർദേശിച്ചു. പിന്നാലെ കുട്ടിക്ക് ബോധക്ഷയം ഉണ്ടായി.
ഉടൻ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഡോക്ടർതന്നെ അവിടെയുണ്ടായിരുന്ന 108 ആംബുലൻസ് വിളിക്കുകയായിരുന്നു. കുട്ടിയോടൊപ്പം അമ്മ രമ്യയും അച്ഛൻ അജിയും ഉണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള കുട്ടിയുമായി പുറപ്പെട്ട് മോനിപ്പള്ളിയിൽ എത്തിയപ്പോൾ ആംബുലൻ ഡ്രൈവർ വാഹനം നിർത്തി. ചോദിച്ചപ്പോൾ, ഡ്യൂട്ടി സമയം കഴിഞ്ഞെന്നും മറ്റൊരു ആംബുലൻസിൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ എന്ന മറുപടിയാണ് ഡ്രൈവർ നൽകിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.
ഒടുവിൽ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തിയാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്. കുട്ടിയെ വെന്‍റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി. ഇന്നലെ രാവിലെ കുട്ടിയെ വെൻറിലേറ്ററിൽനിന്നും മാറ്റിയിട്ടുണ്ട്. രോഗലക്ഷണങ്ങളിൽ നിന്ന് മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു.
ഡ്രൈവറുടെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇയാൾക്കെതിരെ കേസെടുത്ത് ലൈസൻസ് റദ്ദാക്കണമെന്നാണ് ആവശ്യം.
ഡോക്ടറുടെ അനുമതിയോടെ ആംബുലൻസ് മാറ്റുക മാത്രമാണ് ചെയ്തതെന്ന് വിശദീകരണം
ഡോക്ടറുടെ അനുമതിയോടെ ആംബുലൻസ് മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് 108 ആംബുലൻസുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം. കൂത്താട്ടുകുളത്തു നിന്നുള്ള ആംബുലൻസിലാണ് കുട്ടിയെ എത്തിച്ചത്. മോനിപ്പള്ളിയിലെത്തിച്ചപ്പോൾ മറ്റൊരു ആംബുലൻസ് എത്തിച്ച് കുട്ടിയെ അതിലേക്കു മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ ഇക്കാര്യം ബോധിപ്പിച്ചതായും അവരുെട സമ്മതത്തോടെയാണ് മാറ്റിയതെന്നുമാണ് വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.