ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത; പ്രവൃത്തി ഉദ്ഘാടനം ഇന്ന്
text_fieldsആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയുടെ രൂപരേഖ
കോഴിക്കോട്: വയനാട് താമരശ്ശേരി ചുരം പാതക്ക് ബദലായി മലയോര ജനതയും സഞ്ചാരികളും ഏറെനാളായി കാത്തിരിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, പ്രിയങ്ക ഗാന്ധി എം.പി, എം.എൽ.എമാരായ ലിന്റോ ജോസഫ്, ടി. സിദ്ദീഖ്, കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ് തുടങ്ങിയവർ പങ്കെടുക്കും. കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും വയനാട് ജില്ലയിൽ 5.58 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ഇരട്ട തുരങ്കപാതയുടെ നിർമാണം നാല് വർഷംകൊണ്ട് പൂർത്തിയാകും. യാഥാർഥ്യമായാൽ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാവും ഇത്.
മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴഞ്ഞിപ്പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും.
പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നുപോകുന്നത്. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്-വയനാട് ഗതാഗതം സുഗമമാവുമെന്നാണ് പ്രതീക്ഷ. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് ഉണർവ് ലഭിക്കുമെന്നും കരുതുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.