പാതിവിലത്തട്ടിപ്പിൽ കൊച്ചിയിൽ തെളിവെടുപ്പ്
text_fieldsകൊച്ചി: പാതിവില വാഗ്ദാന തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണനുമായി പൊലീസ് കൊച്ചിയിൽ തെളിവെടുത്തു. വൈറ്റിലയിലെ നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ പ്രോജക്ട് ഓഫിസ്, മറൈൻഡ്രൈവിലെ ഫ്ലാറ്റ്, പനമ്പിള്ളിനഗറിലെ വില്ല, പാലാരിവട്ടത്ത് താമസിച്ച വീട്, കളമശ്ശേരിയിലെ ഓഫിസ് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തട്ടിപ്പിലൂടെ ലഭിച്ച പണം ചെലവഴിച്ചത് സംബന്ധിച്ച രേഖകൾ കണ്ടെത്തലായിരുന്നു പ്രധാന ലക്ഷ്യം.
തെളിവെടുപ്പിനിടെ, വിവിധ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയിട്ടുണ്ടെന്ന് അനന്തുകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ആനന്ദകുമാറിന്റെ നിർദേശ പ്രകാരമാണ് എൻ.ജി.ഒ ഫെഡറേഷൻ ആരംഭിച്ചതും 200ലധികം സംഘടനകൾ ഇതിലേക്ക് വന്നതും. അദ്ദേഹത്തിന് ഉൾപ്പെടെ പണം കൊടുത്തിട്ടുണ്ട്. മറ്റു കാര്യങ്ങളൊക്കെ പിന്നീട് പറയാമെന്നാണ് പ്രതികരണം. ആനന്ദകുമാർ എൻ.ജി.ഒ കോൺഫെഡറേഷന്റെ ചെയർമാനാണ്. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ സംഘടന ഇതിലേക്ക് ഇംപ്ലിമെന്റിങ് ഏജൻസിയായി വന്നതേയുള്ളൂ. അദ്ദേഹത്തിന് പണം നൽകിയിട്ടില്ലെന്ന് അനന്തു പറഞ്ഞു. എൻ.ജി.ഒ കോൺഫെഡറേഷനുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. ഫ്ലാറ്റുകളിൽനിന്ന് ചില രേഖകൾ കടത്തിയതായി സംശയിക്കുന്നുണ്ട്. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ രാഷ്ട്രീയ നേതാക്കൾ സന്ദർശകരായി എത്തിയിരുന്ന വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, ആനന്ദകുമാറിന് രണ്ടുകോടിയോളം രൂപ നൽകിയതായാണ് പുറത്തുവന്ന വിവരം. തെളിവെടുപ്പ്, ആദ്യഘട്ട ചോദ്യംചെയ്യൽ, ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽനിന്ന് ലഭിച്ച മൊഴി എന്നിവ താരതമ്യം ചെയ്ത് കൂടുതൽ അന്വേഷണം നടക്കും.
അതിനിടെ, അനന്തുകൃഷ്ണന്റെ കളമശ്ശേരിയിലെ ഓഫിസ് പൊലീസ് പൂട്ടി സീൽ ചെയ്തു. കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം പുന്നക്കാട്ട് കൊറാസോൺ കെട്ടിടത്തിൽ പ്രവർത്തിച്ച ഓഫിസാണ് മൂവാറ്റുപുഴ പൊലീസ് സീൽ ചെയ്തത്. വൈകീട്ട് നാലോടെ അനന്തുകൃഷ്ണനുമായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. പ്രഫഷനൽ സർവിസ് ഇന്നവേഷൻ ഒരുവർഷത്തിലേറെയായി ഇവിടെ പ്രവർത്തിച്ചിരുന്നു. ഒരു ജീവനക്കാരി ഉണ്ട്. അനന്തുകൃഷ്ണൻ പൊതുവേ വരാറില്ലായിരുന്നുവെന്ന് കെട്ടിട ഉടമ പറഞ്ഞു.
ജീവനക്കാരെ ചോദ്യംചെയ്തു
മൂവാറ്റുപുഴ: അനന്തുകൃഷ്ണന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നവരെയും പൊലീസ് ചോദ്യംചെയ്തു. രണ്ടുദിവസം മുമ്പ് ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യംചെയ്തത്. ഞായറാഴ്ച രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ വൈകീട്ടേക്കും നീണ്ടു. ജീവനക്കാരെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നവരെയും ഒരുമിച്ചിരുത്തിയായിരുന്നു ആദ്യ ചോദ്യംചെയ്യൽ. ശേഷം അനന്തുവിനെ തെളിവെടുപ്പിനായി എറണാകുളത്തേക്ക് കൊണ്ടുപോയി. ഇരുചക്ര വാഹനങ്ങളും ലാപ്ടോപ്പും തയ്യൽ മെഷീനും മറ്റും വിതരണം ചെയ്തിരുന്ന കമ്പനികളുടെ പ്രതിനിധികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
‘പണം തിരിച്ചു നൽകാൻ നടപടി തുടങ്ങി’
പാലക്കാട്: പകുതിവില തട്ടിപ്പിൽ വിശദീകരണവുമായി ഇംപ്ലിമെന്റ് ഏജൻസിയായ ദേശീയ മനുഷ്യാവകാശ ഫോറം (നാഷനൽ ഹ്യൂമൻ റൈറ്റ്സ് ഫോറം) ചെയർമാൻ എം.കെ. ഗിരീഷ് കുമാർ. സാധനങ്ങൾ ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ട്രസ്റ്റിന്റെ കൊല്ലങ്കോട്ടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ട് പുനഃസ്ഥാപിക്കാൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പുനഃസ്ഥാപിച്ചാൽ പണമടച്ചവർക്ക് തിരിച്ചുകൊടുക്കും. ഇതുവരെയുള്ള വാഹനങ്ങളും ലാപ്ടോപ്പുകളുമെല്ലാം കൊടുത്തിട്ടുണ്ട്. പുതിയ പട്ടികയിലുള്ളവർക്കാണ് ബാക്കിയുള്ളത്. ആറു മാസത്തിനകം വാഹനങ്ങൾ നൽകാമെന്നാണ് ഏജൻസി അറിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.