‘അനൂപ് കുമാർ എന്ന അനൂപ് മാലിക്’: ദുരൂഹത മാറാതെ കണ്ണപുരം സ്ഫോടനം
text_fields1. കണ്ണൂർ കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഇരുനില വീട് പൂർണമായും തകർന്ന നിലയിൽ 2. പിടിയിലായ അനൂപ് മാലിക്
കണ്ണൂര്‍: ഒരാൾ കൊല്ലപ്പെട്ട കണ്ണപുരം കീഴറയിലെ വൻ സ്ഫോടനം നടന്ന വീടിനെ ചുറ്റിപ്പറ്റിയും അറസ്റ്റിലായ അനൂപ് മാലിക്കിനെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. ചാലാട് ചാക്കാട്ടുപീടിക വീണ വിഹാറിലെ മുകുന്ദന്റെ മകനായ അനൂപ് കുമാര്‍ എന്ന അനൂപ് മാലിക് (53) ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശേഷമാണ് പാപ്പിനിശേരി സ്വദേശി റാഹിലക്കൊപ്പം താമസം ആരംഭിച്ചത്. റാഹിലയും നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്നു. പൊടിക്കുണ്ട് സ്ഫോടനത്തില്‍ മൂത്തമകള്‍ക്കും പരിക്കേറ്റിരുന്നു. പൊടിക്കുണ്ട് സ്ഫോടനത്തിനു ശേഷം മേലേ ചൊവ്വയിലേക്ക് താമസംമാറ്റിയ അനൂപ് പിന്നീട് പലയിടങ്ങളിലായി വീട് വാടകക്കെടുത്ത് താമസിച്ചു വരുകയായിരുന്നു.
നേരത്തേ, ജിം പരിശീലകനായിരുന്ന അനൂപ് കുറച്ചുകാലമായി അനധികൃതമായി പടക്കനിര്‍മാണത്തില്‍ ഏര്‍പ്പെട്ടുവരുകയായിരുന്നു. ഇതിനായാണ് വിവിധ സ്ഥലങ്ങളില്‍ വീട് വാടകക്കെടുത്തിരുന്നത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട റാഹിലയുടെ സഹോദരൻ മുഹമ്മദ് അഷം ഉൾപ്പെടെയുള്ളവരെയും പിന്നീട് പടക്ക നിര്‍മാണത്തിന്റെ ഭാഗമാക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. പൊടിക്കുണ്ട് സ്ഫോടനക്കേസ് ഇപ്പോള്‍ തലശ്ശേരി ജില്ല സെഷന്‍സ് കോടതി പരിഗണനയിലാണ്. ആറോളം കേസുകളില്‍ പ്രതിയാണ് അനൂപ് എന്ന് പൊലീസ് പറയുന്നു.
ഒമ്പതുവർഷം മുമ്പ് പൊടിക്കുണ്ടില്‍ നടന്ന വന്‍ സ്ഫോടനത്തിലെ പ്രതി അനൂപ് തന്നെയാണ് കീഴറയില്‍ ഗുണ്ടുകളും വെടിമരുന്നും അനധികൃതമായി നിര്‍മിക്കുന്നതിന് പിറകിലും പ്രവര്‍ത്തിച്ചതെന്ന് പൊലീസിന് വ്യക്തമായി. 2016 മാര്‍ച്ച് 24ന് രാത്രിയാണ് പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്ര നഗര്‍ കോളനിക്ക് സമീപത്തെ വീട്ടില്‍ വന്‍ സ്ഫോടനം നടന്നത്. 17ഓളം വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു. 10 കോടിയുടെ നഷ്ടമാണ് അന്ന് അനൗദ്യോഗികമായി കണക്കാക്കിയത്. എന്നാല്‍, സര്‍ക്കാര്‍ കണക്കുകൂട്ടിയത് നാല് കോടിയുടെ നഷ്ടമാണ്. അനൂപിനെ കൂടാതെ, ഭാര്യ റാഹില ഉള്‍പ്പെടെ മൂന്നു പേര്‍ക്കു കൂടി പരിക്കേറ്റിരുന്നു.
ഈ വീട്ടില്‍ നിന്ന് ക്ഷേത്രോത്സവങ്ങള്‍ക്ക് കതിനകളും ഗുണ്ടുകളും മറ്റും നിര്‍മിച്ച് നല്‍കുകയായിരുന്നു. 2020 ജനുവരി 26ന് ചാലക്കുന്ന് കോർപറേഷൻ ശ്മശാന പറമ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൽ 230 കിലോ സ്ഫോടകവസ്തുക്കളും 30 ഗുണ്ടുകളും കണ്ടെടുത്ത സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അനൂപിനെതിരെ കേസെടുത്തിരുന്നു. ഇത്തരത്തിൽ നിയമവിരുദ്ധമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് മറ്റു കേസുകളുമെന്നാണ് വിവരം.
കീഴറ കൂലോത്തു നിന്ന് അര കിലോമീറ്റര്‍ അകലെ ഉയരത്തില്‍ നിലകൊള്ളുന്നതാണ് സ്ഫോടനം നടന്ന വീട്. ഇതിന്റെ താഴെയാണ് നാശനഷ്ടം സംഭവിച്ച അഞ്ച് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. വീട്ടിലേക്ക് രാത്രികാലങ്ങളിലടക്കം ആളുകള്‍ വരാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.
ഒരു ബൈക്കും സ്കൂട്ടറും വീടിന് സമീപത്ത് സ്ഥിരമായി കാണപ്പെടാറുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ സാക്ഷ്യപ്പെടുത്തി. എന്നിട്ടും പൊലീസിനടക്കം പിടികൊടുക്കാതെ ഇത്രയും നാൾ ഈ സംഘം ഇവിടെ പ്രവർത്തിച്ച് വൻതോതിൽ സ്ഫോടക വസ്തുനിർമാണവും വിൽപനയും നടത്തിയതായാണ് സൂചന. ശനിയാഴ്ചത്തെ സ്ഫോടനത്തിനു ശേഷവും വീടിനു സമീപം നീല പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ സൂക്ഷിച്ചനിലയില്‍ ഒരു ബൈക്ക് കാണപ്പെട്ടു. ഈ ബൈക്കും മറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് മുഹമ്മദ് അഷമിന്റെ ഉടമസ്ഥതയിലുള്ളതാണ്.
തുടർച്ചയായി സ്ഫോടനക്കേസുകളിൽ ഉൾപ്പെട്ടയാളായിരുന്നിട്ടും അനൂപ് കണ്ണപുരത്തെ വീട്ടിലെത്തിയതും ഗുണ്ട് നിർമാണത്തിലും വിൽപനയിലും ഏർപ്പെട്ടതും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അറിയാത്തത് വൻ വീഴ്ചയാണ്. ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണം നടക്കും. തെരഞ്ഞെടുപ്പുകൾ അടുക്കുന്ന സമയത്ത് നടന്ന വൻ പൊട്ടിത്തെറിയെ തുടർന്ന് സ്ഫോടക വസ്തുക്കൾക്കായി ജില്ലയിൽ പലയിടങ്ങളിലും പൊലീസ് വ്യാപക പരിശോധനയും നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.