പിതാവിന്റെ മരണത്തിൽ ജോളിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി യുവാവ്
text_fieldsചാത്തമംഗലം: കൂടത്തായി കൊലപാതക പരമ്പര പൊന്നാമറ്റം കുടുംബത്തിനു പുറത്തേക്കും കടന്നതായി സംശയമുയരുന്നു. പ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന എൻ.ഐ.ടിക്കടുത്ത മണ്ണിലിടത്തിൽ രാമകൃഷ്ണെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് രാമകൃഷ്ണെൻറ മകൻ രോഹിത് ചൊവ്വാഴ്ച വൈകീട്ട് ക്രൈംബ്രാഞ്ചിന് പരാതി നൽകി.2016 മേയ് 17നാണ് ചാത്തമംഗലം ചേനോത്ത് മണ്ണിലിടത്തിൽ രാമകൃഷ്ണൻ (62) മരിച്ചത്.
പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന രാമകൃഷ്ണന് കൃഷിയോടൊപ്പം റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ടായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിെൻറ പിറ്റേന്നായിരുന്നു മരണം. തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്ന രാമകൃഷ്ണൻ പിറ്റേന്ന് രാവിലെ പുറത്തുപോയി ഉച്ചയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഉച്ചയൂണ് കഴിച്ച് മുകളിലെ മുറിയിലേക്ക് വിശ്രമിക്കാൻ പോയെങ്കിലും ഉടൻ തിരിച്ചുവന്നു കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളം കുടിച്ച ഉടൻ ഛർദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നുവത്രെ. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഇതുവരെ കരുതിയിരുന്നതെന്ന് മകൻ രോഹിത് പറയുന്നു.
എന്നാൽ, ഏതാനും ദിവസംമുമ്പ് കൂടത്തായി കൂട്ടക്കൊല അന്വേഷണത്തിെൻറ ഭാഗമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് സംശയം തുടങ്ങിയത്. കഴിഞ്ഞദിവസം കൂടത്തായി കൊലപാതകങ്ങളുടെ വിശദവിവരങ്ങൾ പുറത്തുവന്നതോടെ രാമകൃഷ്ണെൻറ മരണത്തിലും കൂടത്തായി കൊലപാതകങ്ങളിലും സമാനത തോന്നുകയായിരുന്നു. കൂടാതെ, വീടിനടുത്തുള്ള അഞ്ച് ഏക്കർ വിൽപന നടത്തിയതിലെ പണമിടപാട് സംബന്ധിച്ചും സംശയമുണ്ടായി. 2006ലാണ് ഇടപാട് നടന്നത്. രജിസ്ട്രേഷൻ നടപടികൾ 2008ലാണ് പൂർത്തിയായത്. 55 ലക്ഷം രൂപക്കാണ് ഇടപാട് നടന്നതെന്നാണ് സൂചന. ഇതിെൻറ പണം എവിടെയാണെന്ന് ഇതുവരെ വിവരമില്ല. ഈ തുക സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തി അന്വേഷിച്ചിരുന്നു.
ഇടപാട് സംബന്ധിച്ച് വീട്ടിൽ പറഞ്ഞിരുന്നെങ്കിലും പണത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജോളിക്ക് അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന എൻ.ഐ.ടി കാമ്പസിലെ ബ്യൂട്ടിപാർലർ ഉടമയും ഭർത്താവും രാമകൃഷ്ണെൻറ കുടുംബ സുഹൃത്തുക്കളാണ്. കുന്ദമംഗലം പൊലീസും സ്ഥലത്തെത്തി വിവരങ്ങൾ തേടിയിട്ടുണ്ട്. കുന്ദമംഗലം പൊലീസിലും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് രോഹിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.