വീണ്ടുമൊരു മേയ് 18; ഇത്തവണ വി.എസ് അല്ല, വി.ഡി.എസ്
text_fieldsതിരുവനന്തപുരം: ജനപ്രിയരായവർ മുഖ്യമന്ത്രി പദത്തിലെത്തിയ ചരിത്രദിനമാണ് മേയ് 18. ‘‘കണ്ണേ.., കരളേ.. വി.എസ്സേ...’’ എന്ന് മുഷ്ടിചുരുട്ടി അന്തരീക്ഷത്തിലേക്ക് ഉയർന്നു കേട്ട മുദ്രാവാക്യം 20 വർഷത്തിനിപ്പുറം ‘‘കണ്ണേ.., കരളേ വി.ഡി.എസേ...’’ എന്നായി മാറിയ കാഴ്ചക്കാണ് വീണ്ടുമൊരു മേയ് 18 സാക്ഷിയായത്.
2006 മേയ് 18ന് ജനസാഗരത്തെ സാക്ഷിയാക്കി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സാധാരാണക്കാർക്ക് വേണ്ടിയുള്ള പോരാട്ട വീര്യത്തിനൊടുവിലാണ് വി.എസ് മുഖ്യമന്ത്രി പദത്തിലെത്തിയത്. 2026ൽ എത്തിയപ്പോൾ സാധാരണക്കാർക്ക് വേണ്ടി ഉറപ്പുള്ള പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് വി.ഡി.എസ് എന്ന വി.ഡി. സതീശൻ യു.ഡി.എഫിനെ മുന്നിൽനിന്ന് നയിച്ചത്. ഇന്ദിര ഗാരന്റി ഉൾപ്പടെ ജനകീയ പ്രഖ്യാപനങ്ങൾ ജനം ഏറ്റെടുത്തതോടെ ചരിത്ര വിജയമാണ് യു.ഡി.എഫിനെ തേടിയെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സതീശൻ അക്കമിട്ട് പറഞ്ഞ മാന്ത്രിക സംഖ്യയിൽ യു.ഡി.എഫ് എത്തുകയും ചെയ്തു.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ അൽപം വൈകിയെങ്കിലും ജനവികാരത്തിനനുസൃതമായി വി.ഡി. സതീശൻ എന്ന വി.ഡി.എസ് തന്നെ മുഖ്യമന്ത്രി കസേരയിലെത്തി. നാടാകെ വി.ഡി.എസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ മുഴങ്ങി. ഇടതുമുന്നണിയുടെ മുഖ്യമന്ത്രിമാരിൽ ജനപ്രിയനായ വി.എസ്. അച്യുതാനന്ദനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നവിധമാണ് അണികളുടെയും അനുകൂലിക്കുന്നവരുടെയും ആവേശം സത്യപ്രതിജ്ഞ ചടങ്ങിലടക്കം ദൃശ്യമായത്. ഉമ്മൻചാണ്ടി സർക്കാരിന്റെ ജനസമ്പർക്ക പരിപാടികളിലേക്ക് ജനക്കൂട്ടം ഒഴുകിയത് പോലെ, നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ജനം വി.ഡി.എസിന്റെ സ്ഥാനാരോഹണത്തിന് ഒഴുകിയെത്തി.
കേരളത്തിലെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഏഴു മന്ത്രിമാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തതും മേയ് 18നാണ്. ഈ നിലയിൽ ജനങ്ങൾക്ക് ഏറെ പ്രിയങ്കരരായ മൂന്നു മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത ദിനമായി മേയ് 18 ചരിത്രത്തിൽ ഇടംപിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

