നിലമ്പൂരിൽ മത്സരിക്കാൻ അൻവറിന്റെ തയാറെടുപ്പ്
text_fieldsമലപ്പുറം: പി.വി. അൻവർ-യു.ഡി.എഫ് ബന്ധം വിളക്കിച്ചേർക്കാനാവാത്ത വിധം വഷളായി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഒത്തുതീർപ്പിന് വിദൂര സാധ്യതയേയുള്ളു. ശനിയാഴ്ച വി.ഡി. സതീശനെതിരെ അൻവർ നടത്തിയ കടന്നാക്രമണം ഈ വിഷയത്തിൽ ഇനിയൊരു ചർച്ച വേണ്ടെന്ന തീരുമാനത്തിലേക്ക് യു.ഡി.എഫിനെ എത്തിച്ചു. വിവാദം കത്തിച്ചുനിർത്തി നിലമ്പൂരിൽ മത്സരിക്കാനാണ് അൻവറിന്റെ നീക്കമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. സമ്മർദതന്ത്രമെന്ന നിലക്കാണെങ്കിലും നിലമ്പൂരിൽ മത്സരിക്കുമെന്ന സൂചന ശനിയാഴ്ച അൻവറും നൽകി.
ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്ന യു.ഡി.എഫ് ഉപാധിക്ക് വഴങ്ങാതിരുന്ന അൻവർ, ഷൗക്കത്ത് നിലമ്പൂരിൽ മികച്ച സ്ഥാനാർഥിയല്ലെന്ന് പറയാൻ കാരണങ്ങളുണ്ടെന്ന് ആവർത്തിക്കുകയാണ് ചെയ്തത്. ഫലത്തിൽ നിലമ്പൂരിലെ സ്ഥാനാർഥിയെ അംഗീകരിക്കണമെന്ന യു.ഡി.എഫ് ഏകോപന സമിതി നിർദേശം അൻവർ തള്ളുകയായിരുന്നു. അൻവറുമായി ചർച്ച വേണ്ടെന്ന തീരുമാനത്തിലേക്ക് യു.ഡി.എഫ് അന്തിമമായി എത്താൻ കാരണമിതാണ്. പ്രശ്നപരിഹാരത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം ഇടപെട്ട് നടത്തിയ മാരത്തൺ ചർച്ചകളാണ് വിഫലമായത്.
അൻവർ മത്സരിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് വി.ഡി. സതീശനടക്കം കോൺഗ്രസ് നേതാക്കൾ. ഇരു മുന്നണികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിൽ അൻവർ നിഷ്പ്രഭമാകുമെന്ന വിലയിരുത്തിലാണ് ഈ വിഭാഗം. എന്നാൽ, മുൻ എം.എൽ.എയായ അൻവർ മത്സരിച്ചാലുള്ള അപകടസാധ്യതകൾ മുസ്ലിം ലീഗ് നേതൃത്വം മുന്നിൽ കാണുന്നുണ്ട്. അൻവർ പിടിക്കുന്നത് കുറഞ്ഞ വോട്ടുകളാണെങ്കിലും അവ യു.ഡി.എഫ് വോട്ടുകളാവുമെന്ന മുന്നറിയിപ്പ് ഈ നേതാക്കൾ നൽകുന്നുണ്ട്.
ഷൗക്കത്തിനെതിരായ നെഗറ്റീവ് വോട്ടുകൾ അൻവറിന് വീഴാൻ സാധ്യതയുമുണ്ട്. എം. സ്വരാജുമായുള്ള പോരാട്ടത്തിൽ യു.ഡി.എഫിന്റെ ശക്തി ചോർത്തിക്കളയുന്നതാണ് അൻവറിന്റെ സാന്നിധ്യമെന്ന വിലയിരുത്തലിലാണ് ഈ വിഭാഗം. അൻവർ രണ്ടും കൽപിച്ചാണ് നീങ്ങുന്നതെന്നാണ് തൃണമൂൽ കേന്ദ്രങ്ങൾ നൽകുന്ന സൂചന. മത്സരത്തിന് ഒരുങ്ങാൻ അദ്ദേഹം പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തൃണമൂൽ സംസ്ഥാന പ്രവർത്തക സമിതിയും കേന്ദ്ര നേതൃത്വവും പാർട്ടി ഒറ്റക്ക് മത്സരിക്കണമെന്ന തീരുമാനത്തിലാണ്. അൻവറിനെ അവഗണിച്ചതിലുള്ള പ്രതിഷേധം തൃണമൂൽ കോൺഗ്രസ് രാജ്യസഭ കക്ഷിനേതാവ് ഡെറിക് ഒബ്റോൺ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളും ആരോപണ-പ്രത്യരോപണങ്ങളും അൻവറും യു.ഡി.എഫും തമ്മിലുള്ള ബന്ധത്തിൽ ശക്തമായ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. അൻവറുമായി സൗഹൃദത്തിലുള്ള കെ. സുധാകരനും രമേശ് ചെന്നിത്തലക്കും പ്രശ്നപരിഹാരത്തിന് ഒന്നും ചെയ്യാനായില്ല. ലീഗ് നേതൃത്വമാകട്ടെ തങ്ങളുടെ താൽപര്യങ്ങൾ ബലികഴിച്ചുള്ള ഒരു ഒത്തുതീർപ്പിനും തയാറല്ല.
തിരുവമ്പാടി അൻവറിന് നൽകാൻ ലീഗ് ഒരുക്കമാണെങ്കിലും കോൺഗ്രസ് പകരം സീറ്റ് നൽകണം. ജയസാധ്യതയുള്ള സീറ്റ് സംബന്ധിച്ച് ഇപ്പോൾ ഉറപ്പ് നൽകാൻ കെ.പി.സി.സി നേതൃത്വവും ഒരുക്കമല്ല. ചതിക്കുകുഴിയലാണ് താൻ അകപ്പെട്ടതെന്ന തോന്നൽ അൻവറിന് ഉണ്ടാവാൻ കാരണമിതാണ്.
പിണറായിസത്തെ പരാജയപ്പെടുത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽനിന്ന് യു.ഡി.എഫ് പ്രവേശനത്തിന് തടസ്സം നിൽക്കുന്ന വി.ഡി. സതീശനെ പാഠം പഠിപ്പിക്കുകയെന്ന നിലപാടിലേക്ക് അൻവർ മാറിയിരിക്കുകയാണ്. ഫലത്തിൽ അൻവർ കൂടി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയാൽ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനീതമാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.