കോഴിക്കോട് ഇരട്ട സ്ഫോടനം: അപ്പീൽ തീർപ്പായത് വിചാരണ പിന്നിട്ട് പത്ത് വർഷത്തിനൊടുവിൽ
text_fieldsതടിയിന്റവിട നസീർ, തയ്യിൽ ഷഫാസ്
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ ഹൈകോടതി അപ്പീൽ തീർപ്പാക്കിയത് വിചാരണ പൂർത്തിയാക്കി പത്തുവർഷം പിന്നിട്ടപ്പോൾ. 2011 ആഗസ്റ്റ് 20നാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജിയായിരുന്ന എസ്. വിജയകുമാർ ഒന്നാം പ്രതി തടിയൻറവിട നസീറിനെയും നാലാം പ്രതി ഷഫാസിനെയും ശിക്ഷിച്ചത്. നസീറിന് മൂന്ന് ജീവപര്യന്തം തടവും ഷഫാസിന് ഇരട്ട ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ.
ഇവർക്കൊപ്പം വിചാരണ നേരിട്ട മൂന്നും ഒമ്പതും പ്രതികളായ അബ്ദുൽ ഹാലിം, അബൂബക്കർ യൂസഫ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ അന്നുതന്നെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു.
ഒമ്പത് പ്രതികളുള്ള കേസിലെ ആറാം പ്രതി വിചാരണക്ക് മുമ്പ് കശ്മീരിൽ കൊല്ലപ്പെട്ടിരുന്നു. അഞ്ചാം പ്രതിയായിരുന്ന അബ്ദുൽ ജലീൽ ബംഗളൂരു ജയിലിലായതിനാൽ അന്ന് വിചാരണക്ക് ഹാജരാക്കിയിരുന്നില്ല. മറ്റൊരു പ്രതി ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്.
വിചാരണ നടക്കുമ്പോൾ വിദേശത്ത് ഒളിവിലായിരുന്ന രണ്ടും എട്ടും പ്രതികളായ മുഹമ്മദ് അസർ, കെ.പി. യൂസഫ് എന്നിവരെ 2019ൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.
സൗദി അറേബ്യയിൽനിന്ന് എൻ.ഐ.എയുടെ ആവശ്യപ്രകാരം നാടുകടത്തിയ ഇവരെ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല.
2006 മാർച്ച് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. നസീറിനെയും ഷഫാസിനെയും ഹൈകോടതി വെറുതെ വിട്ടതോടെ എൻ.ഐ.എ കോടതി വിചാരണ നടത്തിയ നാല് പ്രതികളും കുറ്റമുക്തരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.