കാലടി സർവകലാശാലയിൽ പരിശോധന കമ്മിറ്റി തള്ളിയവർക്കും അധ്യാപക നിയമനം
text_fieldsതിരുവനന്തപുരം: ചുരുങ്ങിയ യോഗ്യത പോലുമില്ലെന്ന് കണ്ട് പരിശോധന കമ്മിറ്റി തള്ളിയ അപേക്ഷകർക്ക് കാലടി സംസ്കൃത സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം. ഇതുസംബന്ധിച്ച് പരിശോധന കമ്മിറ്റി അംഗം ഗവർണർക്ക് നൽകിയ കത്ത് പുറത്തുവന്നതോടെയാണ് നിയമന തിരിമറി വെളിപ്പെട്ടത്.
വൈസ് ചാൻസലറായിരുന്ന ഡോ. ധർമരാജ് അടാട്ട് ചെയർമാനും ഡീൻ വി.ആർ. മുരളീധരൻ അംഗവുമായ സെലക്ഷൻ കമ്മിറ്റിയാണ് പരിശോധന കമ്മിറ്റി തള്ളിയവർക്കും യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കും നിയമനം നൽകാൻ ശിപാർശ ചെയ്തത്.
നിയമനം ലഭിച്ചവരാകട്ടെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ മുൻ വി.സി ഡോ. ധർമരാജ് അടാട്ട്, കമ്മിറ്റി അംഗം വി.ആർ. മുരളീധരൻ, കാലടി സർവകലാശാലക്ക് എ പ്ലസ് ഗ്രേഡ് നൽകാൻ ശിപാർശ ചെയ്ത 'നാക്' ടീം അധ്യക്ഷനും നാഗ്പൂർ കാളിദാസ സംസ്കൃത സർവകലാശാല വി.സി ഡോ. ശ്രീനിവാസ വരഖേഡി എന്നിവരുടെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയ വിദ്യാർഥികളാണെന്നാണ് ആക്ഷേപം.
മൂന്ന് ഭാഷാ വിഷയ വിദഗ്ധരുടെ ശിപാർശ തള്ളി സ്പീക്കർ എം.ബി. രാജേഷിെൻറ ഭാര്യക്ക് കാലടി സർവകലാശാലയിൽ മലയാളം അസിസ്റ്റൻറ് പ്രഫസർ നിയമനം നൽകിയതിന് പിന്നാലെയാണ് കൂടുതൽ നിയമനങ്ങളും ഇഷ്ടക്കാർക്ക് നൽകിയതിെൻറ പിന്നാമ്പുറ കഥകൾ പുറത്തുവരുന്നത്. സംസ്കൃത സർവകലാശാലയിൽ ജനറൽ, വേദാന്തം, സാഹിത്യം എന്നിവ പ്രത്യേക പഠനവകുപ്പുകളാണ്.
സർവകലാശാല റെഗുലേഷൻ പ്രകാരം ഈ വകുപ്പുകളിലെ അധ്യാപക നിയമനങ്ങൾക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എം.എ ബിരുദം നിർബന്ധമാണ്.
ഇപ്പോൾ വിവാദമായ നിയമനങ്ങൾ സംസ്കൃതം ജനറലെന്ന് വിജ്ഞാപനം ചെയ്തിരുന്നതിനാൽ അപേക്ഷിക്കാനുള്ള യോഗ്യത സംസ്കൃതം ജനറൽ പി.ജി ബിരുദക്കാർക്ക് മാത്രമാണ്. എന്നാൽ വേദാന്തവും സാഹിത്യവും മുഖ്യവിഷയമായുള്ളവർക്കാണ് സംസ്കൃതം ജനറൽ വകുപ്പിൽ നിയമനം നൽകിയത്.
നാക് ചെയർമാെൻറയും ഡീനിെൻറയും വിദ്യാർഥികൾ മറ്റ് സർവകലാശാലകളിൽനിന്ന് നേടിയ ബിരുദത്തിന് തുല്യത സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെയും പരിശോധിക്കാതെയും നിയമനം നൽകിയതിൽ ദുരൂഹതയുള്ളതായും ആക്ഷേപമുണ്ട്. പരിശോധന കമ്മിറ്റി അംഗവും സിൻഡിക്കേറ്റ് അംഗവുമായ ഡോ.പി.സി. മുരളിമാധവൻ നിയമനങ്ങളിലെ ഗുരുതര ക്രമക്കേട് വി.സിയെ ബോധ്യപ്പെടുത്തിയിട്ടും അവഗണിച്ചതായി അദ്ദേഹം ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
നിയമനം റദ്ദാക്കണമെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് തിരക്കിട്ട് നടത്തിയ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടുകൾ നടന്ന സാഹചര്യത്തിൽ എല്ലാ അധ്യാപക നിയമനങ്ങളും അന്വേഷിക്കണമെന്നും സ്ക്രീനിങ് കമ്മിറ്റി തള്ളിയ അയോഗ്യരായ അപേക്ഷകരുടെ നിയമനങ്ങൾ ഉടൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.